റൈഡേഴ്‌സ് കീഴടക്കി ഇന്ത്യന്‍സ്

Monday 7 May 2018 3:10 am IST
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 54 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് 10 കളികളില്‍ നിന്ന് എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. തോറ്റെങ്കിലും 10 പോയിന്റുള്ള നൈറ്റ് റൈഡേഴ്‌സ് മൂന്നാമത്.

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് മുംബൈ വിജയം കണ്ടത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 54 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് 10 കളികളില്‍ നിന്ന് എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. തോറ്റെങ്കിലും 10 പോയിന്റുള്ള നൈറ്റ് റൈഡേഴ്‌സ് മൂന്നാമത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും ഇവിന്‍ ലൂയിസും ചേര്‍ന്ന് നല്‍കിയത്. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും കൂടിയായപ്പോള്‍ മുംബൈ മികച്ച സ്‌കോറിലെത്തി. 

ഒന്നാം വിക്കറ്റില്‍ 9.2 ഓവറില്‍ 91 റണ്‍സാണ് മുംബൈ ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. 28 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 43 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി റസ്സലാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 11 റണ്‍സെടുത്ത രോഹിത്തിനെ സുനില്‍ നരേയ്ന്‍ മടക്കി. ഇതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. അധികം കഴിയും മുന്‍പേ സൂര്യകുമാറിനെയും മുംബൈക്ക് നഷ്ടമായി. 39 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 59 റണ്‍സെടുത്ത യാദവിനെ റസ്സലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് പിടികൂടി. ഇതിനുശേഷം ക്രീസില്‍ ഒന്നിച്ച പാണ്ഡ്യ സഹോദരന്മാര്‍ മുംബൈയെ കരകയറ്റാന്‍ ശ്രമിച്ചു. 11 പന്തില്‍ 14 റണ്‍സെടുത്ത ക്രുണാലിനെ നരേയ്ന്‍ വീഴ്ത്തിയെങ്കിലും ഹാര്‍ദ്ദികും ഡുമിനിയും മോശമാക്കിയില്ല. 20 പന്തില്‍ 35 റണ്‍സുമായി ഹാര്‍ദ്ദികും 11 പന്തില്‍ 13 റണ്‍സുമായി ഡുമിനിയും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി നരേയ്‌നും റസലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 28-ല്‍ നില്‍ക്കേ 17 റണ്‍സെടുത്ത ക്രിസ് ലിനും ഏഴ് റണ്‍സെടുത്ത ശുഭമന്‍ ഗിലും മടങ്ങി. പിന്നീട് റോബിന്‍ ഉത്തപ്പയും നാരായണ്‍ റാണയും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്‌കോര്‍ 112-ല്‍ എത്തിയപ്പോള്‍ 35 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 54 റണ്‍സെടുത്ത ഉത്തപ്പ മടങ്ങി. ഇതോടെ സ്‌കോറിങിന് വേഗം കുറഞ്ഞത് നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ 27 പന്തില്‍ 31 റണ്‍സെടുത്ത നിതീഷ് റാണയും മടങ്ങി. 

പിന്നീട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (26 പന്തില്‍ പുറത്താകാതെ 36) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ആന്ദ്രെ റസ്സലും (9) സുനില്‍ നരേയ്‌നും (5) നിറം മങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. മുംബൈയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദികാണ് മാന്‍ ഓഫ് ദി മാച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.