റെക്കോഡ് തിളക്കത്തില്‍ വീണ്ടും പൃഥ്വി

Monday 7 May 2018 3:08 am IST

ഹൈദരാബാദ്: ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മിന്നും താരമായ പൃഥ്വി ഷാ വീണ്ടും റെക്കോഡ് തിളക്കത്തില്‍. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അര്‍ദ്ധസെഞ്ചുറി നേടിയാണ് പൃഥ്വി മറ്റാര്‍ക്കും ഇതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത റെക്കോഡിന് അവകാശിയായത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 19 വയസ് തികയും മുമ്പ് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ആദ്യ താരമായി പൃഥ്വി ഷാ. 

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി അടിച്ച താരം 36 പന്തില്‍ 65 റണ്‍സെടുത്തു. ആറ് ഫോറും മൂന്ന് കൂറ്റന്‍ സിക്‌സറും അകമ്പടിയായി. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 44 പന്തില്‍ ഷാ 62 റണ്‍സ് നേടിയിരുന്നു.

ഇതോടെ ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോഡിന് ഒപ്പമെത്തിയിരുന്നു. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 205 റണ്‍സ് ഷാ ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട്.

ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന നായകനായ ഈ പതിനെട്ടുകാരന്‍ ക്രിക്കറ്റ് വിദഗ്ധരെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. എന്നിട്ടും ഡെയര്‍ ഡെവിള്‍സിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ഡെയര്‍ ഡെവിള്‍സിന് നേടാന്‍ കഴിഞ്ഞത്. 

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 7 വിക്കറ്റിന്റെ തോല്‍വിയാണ് ഡെയര്‍ ഡെവിള്‍സ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 5 വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് ഒരു പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്താണ് വിജയം നേടിയത്. 45 റണ്‍സെടുത്ത ആഡം ഹെയ്ല്‍സ്, 33 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍, 32 റണ്‍സെടുത്ത് പുറത്താകാതെനിന്ന കെയ്ന്‍ വില്യംസണ്‍, 27 റണ്‍ നേടി പുറത്താകാതെ നിന്ന യൂസഫ് പഠാന്‍, 21 റണ്‍സെടുത്ത മനീഷ് പാണ്ഡെ എന്നിവരുടെ ബാറ്റിങാണ് സണ്‍റൈസേഴ്‌സിന് ജയം സമ്മാനിച്ചത്. ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തള്ളി സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.