ബയേണിന് ജയം

Monday 7 May 2018 3:04 am IST

മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ കിരീടം നേടിക്കഴിഞ്ഞ ബയേണ്‍ മ്യൂണിക്കിന്റെ വിജയക്കുതിപ്പ്. കഴിഞ്ഞ ദിവസം റയലിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കാതെ പുറത്തായ ബയേണ്‍ ജര്‍മ്മന്‍ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ്‌സി കോന്‍നെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചടി.

കളിയുടെ തുടക്കം മുതല്‍ എതിര്‍ പ്രതിരോധത്തെ കീറിമുറിച്ചായിരുന്നു ബയേണിന്റെ കുതിപ്പ്. പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നു. തുടക്കത്തില്‍ എഫ്‌സി കോന്‍ ഒപ്പത്തിനൊപ്പം പിടിച്ചുനിന്നെങ്കിലും പിന്നീട് ബയേണ്‍ താരങ്ങള്‍ കളിക്കളം സ്വന്തമാക്കി. കളിയുടെ തുടക്കത്തില്‍ ഒന്നുരണ്ട് അവസരങ്ങള്‍ എഫ്‌സി കോന്‍ താരങ്ങള്‍ക്ക് കിട്ടിയെങ്കിലും ബയേണ്‍ ഗോളിയുടെ മികവിനു മുന്നില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 

എന്നാല്‍ 30-ാം മിനിറ്റില്‍ ബയേണ്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ എഫ്‌സി കോന്‍ മുന്നിലെത്തി. നിക്കോളാസ് സുലെയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. ആദ്യപകുതിയില്‍ ഈ ഗോളിന് ബയേണ്‍ പിന്നിട്ടുനില്‍ക്കുകയും ചെയ്തു.

പിന്നീട് 59-ാം മിനിറ്റിലാണ് ബയേണ്‍ സമനില പിടിച്ചത്. തോമസ് മുള്ളര്‍ തലകൊണ്ട് മറിച്ചുകൊടുത്ത പന്ത് ജെയിംസ് റോഡ്രിഗസ് നല്ലൊരു ഷോട്ടിലൂടെ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബയേണ്‍ ലീഡും നേടി. 

ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് തോമസ് മുള്ളര്‍. അതിനുശേഷം 78-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ പാസില്‍ നിന്ന് ടോലിസ്സോയും ലക്ഷ്യം കണ്ടതോടെ ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ണ്ണമായി. 

മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെയ്ന്‍സ് 05നോടു തോറ്റു. എഫ്‌സി ആഗ്‌സ്ബര്‍ഗിനെ 2-1ന് തോല്‍പ്പിച്ച് ഷാല്‍ക്കെ 04 രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.