ഫെര്‍ഗൂസണ്‍ ഗുരുതരാവസ്ഥയില്‍

Monday 7 May 2018 2:56 am IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസണ്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തലച്ചോറിലെ ആന്തരികരക്തസ്രാവം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫെര്‍ഗൂസനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇക്കാര്യങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ആരോഗ്യനില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 

1986 നവംബറിലാണ് അലക്സ് ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജറായി സ്ഥാനമേറ്റത്. 2010 ഡിസംബര്‍ 19-ന് സര്‍ മാറ്റ് ബുസ്ബിയെ മറികടന്ന് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം മാനേജറായ വ്യക്തി എന്ന പദവി അദ്ദേഹം കരസ്ഥമാക്കി. 2013 മെയിലാണ് ഫെര്‍ഗൂസണ്‍ യുണൈറ്റഡ് പരിശീലക സ്ഥാനമൊഴിയുന്നത്. 1986 മുതല്‍ 26 വര്‍ഷക്കാലം യുണൈറ്റഡിനെ അദ്ദേഹം പരിശീലിപ്പിച്ചു. 13 പ്രീമിയര്‍ ലീഗ് കിരീടം അടക്കം 38 ട്രോഫികള്‍ ഫെര്‍ഗൂസന്റെ കീഴില്‍ യുണൈറ്റഡ് സ്വന്തമാക്കി. ഫുട്ബോളിനു നല്‍കിയ സംഭാവനകളെ മാനിച്ച് 1999-ല്‍ രാജ്യം ഇദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു. 'ഫ്രീഡം ഓഫ് സിറ്റി ഓഫ് അബര്‍ഡീന്‍' എന്ന പദവിയും ഫെര്‍ഗൂസന് ലഭിച്ചിട്ടുണ്ട്. 

ഫെര്‍ഗൂസണ്‍ എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്ന് റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്തു. യുണൈറ്റഡ് മുന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്‌മൈക്കിള്‍, യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡറായിരുന്ന ഡേവിഡ് ബെക്കാം, അഞ്ചുവര്‍ഷത്തോളം ഫെര്‍ഗുസന്റെ അസിസ്റ്റന്റ് ആയിരുന്ന മൈക്ക് ഫെലാന്‍, യുണൈറ്റഡിന്റെ ഡിഫന്‍ഡര്‍ ആഷ്‌ലെ യങ്, യുണൈറ്റഡ് മുന്‍ ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ ഡേര്‍ സര്‍, നിലവിലെ ക്യാപ്റ്റന്‍ മൈക്കിള്‍ കാരിക്ക് എന്നിവര്‍ക്കു പുറമെ ഫിഫയും ലിവര്‍പൂള്‍, മാഞ്ച്റ്റര്‍ സിറ്റിയും ഫെര്‍ഗുസന്റെ ആരോഗ്യത്തിനായി പ്രാര്‍ഥനകളുമായി എത്തി.

കഴിഞ്ഞ ഞായറാഴ്ച ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടത്തിന് സാക്ഷിയായി ഫെര്‍ഗൂസണ്‍ ഉണ്ടായിരുന്നു. അന്ന് ആഴ്‌സണ്‍ വെംഗറിന് ക്ലബിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.