അഫ്ഗാനില്‍ വീണ്ടും സ്‌ഫോടനം 12 പേര്‍ കൊല്ലപ്പെട്ടു; 33 പേര്‍ക്ക് പരിക്ക്

Monday 7 May 2018 3:11 am IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുസ്ലീം ആരാധനായത്തിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയായ ഖോസ്ത്തില്‍ മുസ്ലീംപള്ളിക്കു സമീപം ഉണ്ടാക്കിയ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് ചീഫ് അബ്ദുള്‍ ഹനന്‍ സദ്‌റാന്‍ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് കൗണ്‍സില്‍ മെമ്പറായ അബ്ദുള്‍ വാലി വഹിദ്‌സായ് പറഞ്ഞു.

ഉച്ച കഴിഞ്ഞ് പ്രാര്‍ഥനയ്ക്കായി പള്ളിയിലെത്തിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

രാജ്യാന്തര സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ ഒക്‌ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചതോടെ സ്‌ഫോടന പരമ്പരകള്‍ തുടരുകയാണ്. ഏപ്രില്‍ ആദ്യം മുതല്‍ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും പലയിടത്തും കനത്ത ഭീഷണിയാണ് ഉദ്യോഗസ്ഥര്‍ക്കു നേരിടേണ്ടിവരുന്നത്. താലിബാനും പ്രാദേശിക ഇസ്ലാമിക് സ്റ്റേറ്റും അഫ്ഗാന്‍ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത് സ്ഥിതിഗതികള്‍ വഷളാക്കുന്നുണ്ട്. 

ഏപ്രില്‍ 22ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. അന്ന് 57പേര്‍ കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷിയ വംശജര്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഐഎസിന്റെ അന്നത്തെ ആക്രമണം. 

അതേസമയം അഫ്ഗാനിസ്ഥാനിലെ ഫരായാബ് പ്രദേശത്ത് തൊഴിലാളികളുമായി പോയ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.