നീറ്റ് പരീക്ഷ; സയന്‍സ് കുഴക്കി; സമയം കിട്ടിയില്ല

Monday 7 May 2018 3:24 am IST

തിരുവനന്തപുരം: ഇന്നലെ നടന്ന മെഡിക്കല്‍, ദന്തല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്) പരീക്ഷയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ സയന്‍സ് കുഴക്കിയപ്പോള്‍ ചിലര്‍ക്ക് സമയം തികഞ്ഞില്ലെന്ന് പരാതി. 

ആദ്യമായി പരീക്ഷ എഴുതിയവര്‍ക്കാണ് സമയം തികയാതെ പോയത്. എന്നാല്‍ പാഠഭാഗത്തുള്ള ചോദ്യങ്ങളായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍    കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍കൂട്ടി പറഞ്ഞിരുന്ന നിര്‍ദ്ദേശങ്ങള്‍  പാലിക്കണമെന്ന് ഗേറ്റില്‍ നിന്ന സുരക്ഷാ ജീവനക്കാര്‍  കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതനുസരിക്കാതെ  സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ ആഭരണം ഊരിമാറ്റി.  നിയമം അനുസരിക്കാതെ വസ്ത്രം ധരിച്ചെത്തിയ  കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ  വിദ്യാര്‍ത്ഥികളുടെ വസ്ത്രത്തിന്റെ 'കൈ'  മുറിച്ച് നീക്കിയതിനു ശേഷമാണ് ഹാളിലേക്ക് കടത്തി വിട്ടത്. 

 തമിഴ്‌നാട്ടില്‍നിന്ന് കൊച്ചിയില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് മരിച്ചു. തിരുവാരൂര്‍ സ്വദേശി എസ്.കൃഷ്ണസ്വാമിയാണ് മരിച്ചത്. മരണ വാര്‍ത്ത അറിയാതെയാണ് കസ്തൂരി പരീക്ഷ എഴുതിയത്.

 സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സര്‍ക്കാര്‍ സഹായകേന്ദ്രങ്ങള്‍ തുറന്നിരുന്നു. 

തമിഴ്‌നാട്ടില്‍ നിന്ന് അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പരീക്ഷ എഴുതാനെത്തി. ഇവര്‍ക്ക് താമസം, ഭക്ഷണം,  കൃത്യമായി പരീക്ഷാ സെന്ററുകളിലെത്തുന്നതിനും മടങ്ങി പോകുന്നതിനുള്ള യാത്രസൗകര്യവും ഹെല്‍പ്പ്‌ലൈനുകള്‍ വഴി സജ്ജമാക്കിയിരുന്നു. ജില്ലാഭരണകൂടങ്ങളും പോലീസും പരീക്ഷാ ഹാളുകള്‍ക്കും സ്‌കൂളുകള്‍ക്കും പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. 

ജൂണ്‍ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. അതിന് മുമ്പ് ഉത്തരത്തിന്റെ കീയും ഒഎംആര്‍ ഷീറ്റും പ്രസിദ്ധീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.