ചെങ്ങന്നൂരില്‍ താമര വിരിയും: ജാവ്‌ദേക്കര്‍

Monday 7 May 2018 3:35 am IST
"ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു."

ചെങ്ങന്നൂര്‍: വികസനത്തിന് ആഗ്രഹിക്കുന്ന ജനങ്ങളുടെ വോട്ടുകൊണ്ട് ചെങ്ങന്നൂരില്‍ താമര വിരിയുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. എസ്. ശ്രീധരന്‍പിളളയുടെ തെരഞ്ഞെടുപ്പ്  കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

  എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് ചെയ്താല്‍ എത്തിച്ചേരുന്നത് ഒരേ സ്ഥലത്താണ്.  നിയമവാഴ്ച തകര്‍ന്ന സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പാക്കുന്നത്. സമാധാനവും വികസനവും ആഗ്രഹിക്കുന്നവര്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കും.  ത്രിപുരയിലെ ഉജ്ജ്വല വിജയം ഇവിടെയും ആവര്‍ത്തിക്കും.

  പിണറായി വിജയന്‍ അധികാരമേറ്റ ശേഷം കൊലപാതകങ്ങള്‍ നടത്തി ജനങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തി. നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്നു തളളി. പിന്നാക്ക യുവാവായ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ ചവിട്ടിക്കൊന്നു. ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നു. ജ്യോത്സ്‌ന എന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ചെറിയ സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രതിഷേധവുമായി ഇറങ്ങുന്ന സാംസ്‌കാരിക നായകര്‍ കേരളത്തിലെ ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

 കേരളവും കര്‍ണാടകവും ഭീകരവാദികള്‍ക്ക് തണലൊരുക്കുകയാണ്. ബിജെപി പാവങ്ങളേയും പിന്നാക്കക്കാരേയും കൈപിടിച്ചുയര്‍ത്തുന്ന പാര്‍ട്ടിയാണ്. കേരളത്തില്‍ കൊട്ടിഘോഷിച്ച കിഫ്ബി പദ്ധതി പരാജയപ്പെട്ടു. ജിഎസ്ടി കൊണ്ട് സംസ്ഥാനത്തെ വരുമാനം കുറഞ്ഞെന്ന് സംസ്ഥാന ധനമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

  മുദ്ര, ഉജ്ജ്വല, ഭവനനിര്‍മ്മാണം തുടങ്ങിയ കേന്ദ്രപദ്ധതികള്‍ അട്ടിമറിച്ചു. ചെങ്ങന്നൂരില്‍ എന്‍ഡിഎയ്‌ക്കെതിരെയാണ് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് അധ്യക്ഷനായി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,വി. മുരളീധരന്‍ എംപി, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ,  അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ്ആര്‍. പൊന്നപ്പന്‍, എല്‍ജെപി പ്രസിഡന്റ് എം. മെഹബൂബ്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള  മാത്യു, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ഡി. അശ്വനിദേവ്, മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.