കശ്മീരില്‍ അഞ്ച് ഭീകരരെ കൂടി വധിച്ചു

Monday 7 May 2018 3:40 am IST

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അഞ്ചു ഭീകരരെക്കൂടി ഇന്നലെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ കശ്മീര്‍ സര്‍വ്വകലാശാലയിലെ ഒരു പ്രൊഫസറും ഉള്‍പ്പെടും. വെടിവെയ്പ്പില്‍ പരിക്കേറ്റ പ്രദേശവാസികളിലൊരാളും മരിച്ചു. കശ്മീര്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ മുഹമ്മദ് റാഫിഭട്ടാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതല്‍ കാണാതായ ഭട്ട് , ഭീകരര്‍ക്കൊപ്പം ചേര്‍ന്നതാവാമെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍ സദ്ദാം പദ്ദറും ഉള്‍പ്പെട്ടിട്ടുണ്ട്. തൗസീഫ് ഷെയ്ഖ്, ആദില്‍ മാലിക്, ബിലാല്‍ എന്നിവരാണു മറ്റുള്ളവര്‍.

ഷോപ്പിയാനിലെ ബാഡിഗാമില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ പ്രദേശം വളഞ്ഞു. ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

പ്രൊഫസറെ കാണാതായ വിവരം കുടുംബാംഗങ്ങള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് സംഘടിച്ചു. പ്രശ്‌നം സംഘര്‍ഷഭരിതമാകുമെന്ന് കണ്ടതോടെ പ്രൊഫസറെ വൈകാതെ കണ്ടെത്താമെന്ന് വൈസ്ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.

അതിനിടെ, താന്‍ ഭീകരര്‍ക്കൊപ്പമുണ്ടെന്ന് കൊല്ലപ്പെട്ട പ്രൊഫ. ഭട്ട് കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചു. കീഴടങ്ങാന്‍ ഇയാളോട് മാതാപിക്കാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് റാഫിയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഇയാള്‍ കീഴടങ്ങുന്നതിന്  പലതവണ ശ്രമിച്ചെങ്കിലും പാഴാവുകയായിരുന്നുവെന്ന്  ഐ ജി, എസ്. പി. പനി പറഞ്ഞു.

ഷോപ്പിയാന്‍ എസ്. പി. ശൈലേന്ദ്ര മിശ്ര ഭീകരരോട് കീഴടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നതിന്റെയും തുടര്‍ന്ന് സ്‌ഫോടനമുണ്ടാകുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. അഞ്ചു ഭീകരരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. 

അതേസമയം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക്  പ്രകടനമായെത്തിയ യുവാക്കള്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍  നാട്ടുകാരായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.    

രണ്ടു ദിവസം മുമ്പാണ് ശ്രീനഗറില്‍   മൂന്നു ഭീകരരെ സൈന്യം വധിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.