കേരളത്തില്‍ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യത

Monday 7 May 2018 3:45 am IST

ന്യൂദല്‍ഹി: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ്. 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ വ്യാപകമായി മഴ ലഭിക്കും. ഞായറാഴ്ചക്കും ചൊവ്വാഴ്ചക്കും ഇടയില്‍ സംസ്ഥാനത്തുടനീളം കനത്ത മഴയുണ്ടാകും. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദല്‍ഹി, ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും സമാനമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആസാം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ഫരീദാബാദ്, ഗ്രേറ്റര്‍ നോയിഡ, ബുലാന്ദ്ഷഹര്‍ എന്നിവിടങ്ങളില്‍ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. 

 കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ പൊടിക്കാറ്റില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം. 

ആറു ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:  കൊടുങ്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത്  സംസ്ഥാനത്തെ ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരമാല ശക്തമായി അടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടത്തോടും വൈദ്യുതി വകുപ്പിനോടും ജാഗ്രത പാലിക്കാന്‍  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.