എല്‍ ക്ലാസിക്കോ സമനിലയില്‍; അപരാജിതരായി ബാഴ്സയുടെ കുതിപ്പ്

Monday 7 May 2018 9:28 am IST
മത്സരം തുടങ്ങി പത്താം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സയാണ് ആദ്യ ഗോളടിച്ചത്. സെര്‍ജി റൊബേര്‍ട്ടോ കൊടുത്ത ക്രോസ് ഗോളാക്കുകയായിരുന്നു സുവാരസ്. എന്നാല്‍ ബാഴ്‌സയുടെ ആഹ്ലാദം നാലു മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പിന് തടയിടാന്‍ റയല്‍ മഡ്രിഡിനായില്ല. ന്യൂ കാമ്പില്‍ നടന്ന സീസണിലെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടം 2-2 സമനിലയില്‍ അവസാനിച്ചു. സെര്‍ജി റൊബേര്‍ട്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബാഴ്‌സ ചിരവൈരികളായ റയലിനെ സമനിലയില്‍ പിടിക്കുകയായിരുന്നു. ബാഴ്‌സയുടെ ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയുടെ അവസാന എല്‍ക്ലാസിക്കോ പോരാട്ടമായിരുന്നു. 

മത്സരം തുടങ്ങി പത്താം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സയാണ് ആദ്യ ഗോളടിച്ചത്. സെര്‍ജി റൊബേര്‍ട്ടോ കൊടുത്ത ക്രോസ് ഗോളാക്കുകയായിരുന്നു സുവാരസ്. എന്നാല്‍ ബാഴ്‌സയുടെ ആഹ്ലാദം നാലു മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സൂപ്പര്‍ താരം റൊണാള്‍ഡോയിലൂടെ റയല്‍ സമനില പിടിച്ചു. ലീഡിനായി പൊരുതിയ ബാഴ്‌സയ്ക്ക് ആദ്യപകുതിയുടെ അധികസമയത്ത് വമ്പന്‍ തിരിച്ചടി കിട്ടി. മാര്‍സെലോയുടെ മുഖത്ത് ഇടിച്ചതിന് റൊബേര്‍ട്ടോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയി. 

രണ്ടാം പകുതിയില്‍ പത്തുപേരുമായി ഇറങ്ങിയ ബാഴ്‌സ റയലിനെ ഞെട്ടിച്ചു. സൂപ്പര്‍ താരം മെസിയിലൂടെ 52-ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും ലീഡ് നേടി. എന്നാല്‍ 72-ാം മിനിറ്റില്‍ ഗാരെത് ബെയില്‍ റയലിനെ ഒരിക്കല്‍ കൂടെ ഒപ്പമെത്തിച്ചു. അസന്‍സിയോയുടെ പാസില്‍ നിന്നായിരുന്നു ബെയിലിന്റെ ഗോള്‍. അവസാന മിനിറ്റുകളില്‍ ഇരുടീമും വിജയത്തിനായി പൊരുതിയെങ്കിലും എത്തിപ്പിടിക്കാനായില്ല.

ബാക്കിയുള്ള നാലു മത്സരം കൂടി തോല്‍ക്കാതിരുന്നാല്‍ ലാ ലിഗ ചരിത്രത്തില്‍ പരാജയമറിയാതെ ചാമ്പ്യന്മാരായ ആദ്യ ക്ലബ്ബാകും ബാഴ്‌സ. 1930കളില്‍ ലീഗില്‍ 18 മത്സരമുള്ളപ്പോഴും ചാമ്പ്യന്മാര്‍ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.