വരാപ്പുഴ മോഡല്‍ ലോക്കപ്പ്മര്‍ദ്ദനം ; ബിജെപി പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍

Monday 7 May 2018 2:43 pm IST
അത്തോളി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പ് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍. പുത്തഞ്ചേരി തയ്യുള്ളതില്‍ അനൂപ്(28)നെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

കോഴിക്കോട്: അത്തോളി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പ് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍. പുത്തഞ്ചേരി തയ്യുള്ളതില്‍ അനൂപ്(28)നെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നാണ് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ പോലീസ് വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെട്ടെങ്കിലും അനൂപിനെ സന്ദര്‍ശിക്കാന്‍ പോലും അനുവദിച്ചില്ല. മര്‍ദ്ദനമേറ്റ് ബോധംകെട്ട അനൂപിനെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇടപെട്ടതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

എ എസ് ഐ യുടെ ജ്യേഷ്ഠന്റെ മകനും, അനൂപിന്റെ സൃഹൃത്തുമായ യുവാവിന്റെ വിവാഹ വിരുന്നില്‍ ഡാന്‍സ് കളിച്ച അനൂപ് ഉള്‍പ്പെടെയുള്ളവരോട് കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എസ്ഐ രവികുമാര്‍ മദ്യലഹരിയിലെത്തി പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.

അതെ സമയം വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു യുവാക്കള്‍ പരിപാടി അവതരിപ്പിച്ചത്. അന്ന് പുലര്‍ച്ചെ എഎസ്ഐയുടെ വീടിനുനേരെ പടക്കമെറിഞ്ഞതായി ആരോപിച്ചാണ് അനൂപിനെ  കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ നിരപരാധികളാണെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് കേസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് പ്രവര്‍ത്തകരെ വീടുകള്‍ കയറി കസ്റ്റഡിയിലെടുത്തു തുടങ്ങിയതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. 

രാഷ്ട്രീയ ബന്ധമില്ലാത്ത പ്രശ്നത്തെ സിപിഎം ഇടപെട്ട് രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരെ അന്യായമായികസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്ന പോലീസ് ഭീകരതയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ അത്തോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.ലിജു, ആര്‍. എം. കുമാരന്‍, ബൈജു കൂമുള്ളി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.