ഇന്ത്യയെ ഒഐസിയില്‍ നിരീക്ഷക രാഷ്ട്രമാക്കണം: ബംഗ്‌ളാദേശ്

Tuesday 8 May 2018 2:33 am IST

ന്യൂദല്‍ഹി; മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസില്‍ ഇന്ത്യയെ നിരീക്ഷക രാഷ്ട്രമായി പരിഗണിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്‌ളാദേശ്. ധാക്കയില്‍ നടന്ന ഒഐസി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍  ബംഗ്‌ളാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ ഹസന്‍ മഹമൂദ് അലിയാണ് ഈ ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ഉണ്ടാകുന്ന അനിഷ്ടങ്ങള്‍ നിരാകരിച്ചു കൊണ്ടാണ് ബംഗ്‌ളാദേശ് നിലപാട് വ്യക്തമാക്കിയത്. നിര്‍ദേശത്തെ ഒഐസി സെക്രട്ടറി ജനറല്‍ പിന്തുണച്ചു. 

സംഘടനയില്‍ നവീകരണങ്ങള്‍ ആവശ്യമാണെന്നും മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമല്ലെങ്കിലും മുസ്ലിങ്ങള്‍ എണ്ണത്തിലേറെയുള്ള ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെ നിരീക്ഷകരാക്കണമെന്നുമായിരുന്നു മഹമൂദ് അലിയുടെ വാദം. 

ഒഐസിയില്‍ അംഗങ്ങളല്ലാത്ത രാഷ്ട്രങ്ങളുമായി ബന്ധമുണ്ടാകേണ്ടത്  അനിവാര്യമാണ്. എങ്കില്‍ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയ്ക്ക് ഒഐസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനാകൂ.  ഈ നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഐ ഒ ഐസിയുടെ പ്രവര്‍ത്തനങ്ങളും നടത്തിപ്പുമെല്ലാം പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒഐസിയെ ഇന്ത്യയെ നിന്ദിക്കാനുള്ള വേദിയായി ഉപയോഗിക്കുന്ന പാക്കിസ്ഥാന് ഇത്തരമൊരു നിര്‍ദേശം അംഗീകരിക്കുക ബുദ്ധിമുട്ടാണ്. നിരീക്ഷകരാഷ്ട്രങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്റെ അഭ്യുദയകാംക്ഷിയായ ചൈനയുടെ പേരുണ്ടെങ്കിലും മുസ്ലിം അംഗസംഖ്യ കൂടിയ രാഷ്ട്രങ്ങളെ തള്ളരുതെന്നാണ് ബംഗ്‌ളാദേശിന്റെ വാദം.

ലോകമുസ്ലിം  ജനസംഖ്യയുടെ പത്തുശതമാനവും ഇന്ത്യയിലാണ്. 92 ദശലക്ഷം ജനസംഖ്യയുള്ള മുസ്ലിം രാഷ്ട്രമായ  ഈജിപ്തില്‍ പോലും മുസ്ലിങ്ങളുടെ എണ്ണം ആഗോള മുസ്ലിംജനതയുടെ അഞ്ച് ശതമാനമേ വരൂ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയെ നിരീക്ഷക രാഷ്ട്രമാക്കണമെന്ന് 2006 ല്‍ മുന്‍ സൗദി ഭരണാധികാരി അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ പിന്നീട് തീരുമാനമായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.