മുത്തലാഖ്, കോണ്‍ഗ്രസിന്റേത് നിലപാട് എന്ത്? രവിശങ്കര്‍ പ്രസാദ്

Tuesday 8 May 2018 2:40 am IST

ബെംഗളൂരു;  തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പയറ്റുന്നത് കപട മതേതര രാഷ്ട്രീയമെന്ന് കേന്ദ്രനിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് ബില്ലിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമീപനം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുത്തലാഖ് ബില്‍ ഏതെങ്കിലും മതത്തിനെതിരല്ല. ലിംഗവിവേചനമില്ലാതെ നീതിയും, അന്തസും, ശാസ്ത്രീകരണവുമാണ് ബില്‍ വിഭാവനം ചെയ്യുന്നത്. സാമുദായിക, മതേതര വിഷയങ്ങള്‍ക്ക് പ്രധാന്യമേറെയുള്ള കര്‍ണാടക തെരഞ്ഞെടുപ്പില്‍  സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീകളുടെ അന്തസിനെക്കുറിച്ചും പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി മുത്തലാഖിനെക്കുറിച്ച്  കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. 

മുത്തലാഖ് പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട് മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായിരുന്നോ എന്നും രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു. രാജ്യസഭയില്‍ ബില്‍ പാസാക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തതിനെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ ചോദ്യം. രാജ്യസഭയില്‍ ബിജെപിയേക്കാള്‍ അംഗബലമുള്ള കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തതോടെ അവതരണം തടസ്സപ്പെടുകയായിരുന്നു. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഐടി ഹബ്ബ് എന്ന പേര് ബെംഗളൂരുവിന് നഷ്ടപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ബെംഗളൂരിനെ പഴയ പ്രതാപത്തിലെത്തിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.   

കേന്ദ്രസര്‍ക്കാരിന്റെ സഹായം സ്വീകരിക്കാന്‍  സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണ നേതൃത്വം വിമുഖത കാണിക്കുന്നതാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.