വാതില്‍പ്പടി വിതരണം താളം തെറ്റുന്നു; റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

Tuesday 8 May 2018 2:45 am IST

തിരുവനന്തപുരം: റേഷന്‍ വിതരണത്തിലെ വാതില്‍പ്പടി സംവിധാനം സിവില്‍ സപ്ലെയ്‌സ് ജീവനക്കാര്‍ അട്ടിമറിക്കുന്നു. മതിയായ സംവിധാനം ഇല്ലാത്തതിനാല്‍ ഡിപ്പോയില്‍ നിന്നും തൂക്കിവിടുന്ന ഉല്‍പ്പന്നങ്ങള്‍  റേഷന്‍കടക്കാര്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാനിയമപ്രകാരം നടപ്പിലാക്കിയ വാതില്‍പ്പടി വിതരണം ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നു. എന്നാല്‍ വാതില്‍പ്പടി സുഗമമെന്ന് ഭക്ഷ്യ മന്ത്രി തിലോത്തമനും അവകാശപ്പെട്ടു. 

 ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്ല്യത്തില്‍ വരുന്നതിനു മുമ്പ് സിവില്‍ സപ്ലെയ്‌സിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ ഗോഡൗണുകളില്‍ നിന്നും റേഷന്‍കടക്കാര്‍ നേരിട്ടെത്തി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുമായിരുന്നു. അളവില്‍ വന്‍തോതില്‍ കുറവ് വരുന്നതായും ഈ കുറവ് കാര്‍ഡുടമകള്‍ സഹിക്കേണ്ടി വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാതില്‍പ്പടി വിതരണം നടപ്പിലാക്കിയത്.  സിവില്‍ സപ്ലെയ്‌സ് ജീവനക്കാരന്‍ ഭക്ഷ്യ  ഉല്‍പ്പന്നങ്ങളുമായി നേരിട്ട്  റേഷന്‍ കടകളിലെത്തി  ഉല്‍പ്പന്നങ്ങള്‍ തൂക്കി കടക്കാരനെ ബോധ്യപ്പെടുത്തി നല്‍കണമെന്നാണ് നിയമം. ജീവനക്കാര്‍ റേഷന്‍ കടകളില്‍ പേകാന്‍ വിസമ്മതിച്ചോടെ  വാതില്‍പ്പടി എന്ന പേരുനിലനിര്‍ത്തി പഴയ രീതി തന്നെ  തുടര്‍ന്നു വന്നു. റേഷന്‍ കട ഉടമകള്‍  ആദ്യം ഇതിനു കൂട്ടു നിന്നെങ്കിലും ഇ പോസ് മെഷീന്‍ സ്ഥാപിച്ചു തുടങ്ങിയതോടെ നീരസം ഉടലെടുത്തു.

മെഷീനില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്ന വിതരണ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത മാസത്തെ റേഷന്‍ വിഹിതം അതാത് കടകള്‍ക്ക് അനുവദിക്കുക. കഴിഞ്ഞ മാസം റേഷന്‍ വിഹിതം എല്ലാ കാര്‍ഡുടമകളും വാങ്ങിയിട്ടില്ലെങ്കില്‍ റേഷന്‍കടകളില്‍ ബാക്കി വരുന്ന ഉല്‍പ്പന്നങ്ങളുടെ തൂക്കം കണക്കാക്കിയ ശേഷമാണ് അടുത്ത മാസത്തെ വിഹിതം നല്‍കുന്നത്.  ഇത്തരത്തില്‍ റേഷന്‍ വിതരണത്തിന്റെ കണക്ക് ഇ പോസ് മെഷീന്‍ വഴി സിവില്‍ സപ്ലെകോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ലഭിക്കുമെന്നതിനാല്‍ അളവില്‍ കുറവ് വരാനുള്ള  സാധ്യത കണക്കിലെടുത്ത്  ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ റേഷന്‍വിതരണക്കാര്‍ തീരുമാനിച്ചു.

എന്നാല്‍ വാതില്‍പ്പടി വിതരണത്തില്‍   കടകളില്‍ എത്തിച്ച എല്ലാ ചാക്ക് ഉല്‍പ്പന്നങ്ങളിലും രണ്ടു മുതല്‍ അഞ്ചു കിലോ വരെ വ്യത്യാസം വരുന്നു എന്ന് കണ്ടെത്തി. ഇതോടെ എല്ലാ റേഷന്‍കടക്കാരും തങ്ങള്‍ക്ക് കൃതൃമായ അളവില്‍ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ കടകളില്‍ എത്തിച്ച് തൂക്കി നല്‍കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കാനുള്ള ജീവനക്കാരോ ത്രാസോ കോര്‍പ്പറേഷന്റെ പക്കലില്ല. ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ സഹായിക്കുകയുമില്ല.  ചാക്ക് ഉല്‍പ്പന്നങ്ങള്‍ തൂക്കി എടുക്കണമെന്നതിനാല്‍ തലച്ചുമടുകാര്‍ക്ക് അധികം കൂലി  നല്‍കേണ്ടതായും വരും. 

ഇതോടെ റേഷന്‍കടക്കാരുടെ കുറ്റങ്ങള്‍ കണ്ടെത്താനുള്ള നീക്കം  ജീവനക്കാര്‍ ആരംഭിച്ചു. തങ്ങളെ എതിര്‍ത്ത റേഷന്‍ കടകളില്‍ മിന്നല്‍പ്പരിശോധന നടത്തി. കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ വീണ്ടും തൂക്കി നോക്കി. അമ്പതു ഗ്രാം തൂക്കത്തില്‍ കുറവ് കണ്ടെത്തിയതിനും റേഷന്‍ വ്യാപാരികളില്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കി. ജില്ലാ സപ്ലെഓഫീസറോട് പരാതിപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് തന്ന പണി തിരികെ തന്നു എന്നായിരുന്നു മറുപടി. ഇതോടെ വാതില്‍പ്പടി നിയമത്തില്‍ ഉറച്ച് നില്‍ക്കാന്‍ റേഷന്‍വ്യാപാരികള്‍ തീരുമാനിച്ചു. വെട്ടിലായ ഡിഎസ്ഒ മാരാകട്ടെ മതിയായ സംവിധാനം ഒരുക്കാത്തതിനാല്‍ ഡിപ്പോയില്‍ നിന്ന് ഉല്‍പ്പന്നങ്ങല്‍ തൂക്കി നല്‍കുന്നു എന്ന വിശദീകരണമാണ് എഴുതി നല്‍കിയിരിക്കുന്നത്. ഇത്തരത്തിലാണെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ എടുക്കണ്ടാ എന്ന നിലപാടിലേക്ക് നീങ്ങുകയാണ് റേഷന്‍കട ഉടമകള്‍. അടുത്ത മാസത്തെ ഉല്‍പ്പന്നങ്ങള്‍ കൃത്യമായി തൂക്കി നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള നീക്കത്തിലാണ് റേഷന്‍ വ്യാപാരികള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.