ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം രാഷ്ട്രീയ പ്രേരിതമെന്ന്

Tuesday 8 May 2018 2:48 am IST

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സിന്‍ജാര്‍ സിനിമയുടെ നിര്‍മാതാവും സംവിധായകനും. രാഷ്ട്രം നല്‍കുന്ന പരമോന്നത അവാര്‍ഡ് നിരസിക്കുകയല്ല പ്രതിഷേധിക്കാനുള്ള മാര്‍ഗം. ചിലര്‍ രാഷ്ട്രീയ പ്രേരിതമായി സംഭവം വിവാദമാക്കുകയായിരുന്നുവെന്നും സംവിധായകന്‍ സന്ദീപ് പാമ്പള്ളി, നിര്‍മാതാവ് ഷിബു ജി. സുശീലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിഹേഴ്‌സല്‍ സമയത്താണ് രാഷ്ട്രപതിയല്ല എല്ലാവര്‍ക്കും അവാര്‍ഡ് വിതരണം ചെയ്യുന്നതെന്ന വിവരം അറിയുന്നത്. എന്നാല്‍ മലയാളികളായിട്ടും ഇക്കാര്യത്തില്‍ തങ്ങളെ മാറ്റി നിര്‍ത്തിയാണ് മലയാള സിനിമാ രംഗത്തുള്ളവര്‍ അവാര്‍ഡ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ശേഷം തിരിച്ചെത്തിയ തങ്ങള്‍ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. താന്‍ കഷ്ടപ്പെട്ട പണം കൊണ്ടു നിര്‍മിച്ച സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നും നിര്‍മാതാവ് ഷിബു പറഞ്ഞു. 

അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നു തന്നെ വാങ്ങണമെന്നാണ് തങ്ങളുടെയും ആഗ്രഹമെന്ന് സംവിധായകന്‍ സന്ദീപ് പാമ്പള്ളി പറഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവാര്‍ഡ് വിതരണ സമയത്ത് മുഴുവനായി രാഷ്ട്രപതി ഇല്ലെന്ന് അറിയിച്ചാല്‍ അത് ഉള്‍ക്കൊള്ളുകയേ മാര്‍ഗമുള്ളൂ. ചെമ്മീന്‍ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അക്കാലത്ത് കേന്ദ്ര മന്ത്രിയില്‍ നിന്നാണ് സ്വീകരിച്ചത്. അന്ന് ആരും രാഷ്ട്രപതി നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അവാര്‍ഡ് വാങ്ങിയ ശേഷം എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കാമായിരുന്നു. വേണമെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിരുന്നു സല്‍ക്കാരം ബഹിഷ്‌കരിക്കുകയോ, കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇതിലൊന്നുമായിരുന്നില്ല ചിലരുടെ താല്‍പര്യമെന്നും ഇരുവരും ആരോപിച്ചു. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ നിര്‍മിച്ചിരിക്കുന്ന സിഞ്ജാര്‍ എന്ന ചിത്രം നോമ്പിനു ശേഷം തീയേറ്ററിലെത്തുമെന്നും ഇരുവരും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.