കള്ളക്കടത്ത് : ബിഷു ഷേയ്ക്കിന് ജാമ്യം

Tuesday 8 May 2018 2:53 am IST

തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്ത്‌കേസിലെ പ്രതി ബിഷു ഷേയ്ക്കിന് കര്‍ശന ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ജഡ്ജി ജെ.നാസറാണ് ജാമ്യം അനുവദിച്ചത്.പത്ത് ലക്ഷം രൂപയ്ക്കുള്ള രണ്ടാള്‍ ജാമ്യം ഹാജരാക്കണം. ഒരു ജാമ്യക്കാരന്‍ കേരളത്തില്‍ ഉള്ളയാളായിരിക്കണം. ജാമ്യത്തിലറങ്ങി രണ്ടു ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. എറണാകുളം ജില്ല വിട്ടു പോകരുതെന്നും രണ്ട് ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരായി ഒപ്പിടണമെന്നും കോടതി ഉത്തരവിട്ടു.

 ഇന്ത്യ  ബംഗ്ലാദേശ് അതിര്‍ത്തി വഴി മയക്കുമരുന്ന്, സ്വര്‍ണ്ണം, കറന്‍സി, മനുഷ്യക്കടത്ത് എന്നിവ നടത്തിയെന്ന കേസില്‍ ഫെബ്രുവരി 4 നാണ് ബിഷുവിനെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ബിഷു തന്റെ പങ്കാളി താമസിക്കുന്ന ബംഗ്ലാദേശില്‍ വിമാനമാര്‍ഗ്ഗം പോയി റോഡ് മാര്‍ഗ്ഗം മടങ്ങി വരവേ മൊബൈല്‍ ടവര്‍ പിന്തുടര്‍ന്ന് സിബിഐ കൊല്‍ക്കത്തയില്‍ വച്ച്  പിടികൂടുകയായിരുന്നു.

 പ്രതിയെ അറസ്റ്റ് ചെയ്ത തീയതി മുതല്‍ 60 ദിവസത്തിനകം അന്വേഷണ ഉേദ്യാഗസ്ഥന്‍   കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതിക്ക്   നിയമാനുസൃത സ്വാഭാവിക ജാമ്യത്തിന് അര്‍ഹത നല്‍കുന്ന ഇന്ത്യന്‍ ക്രമിനല്‍ നടപടിക്രമത്തിലെ 167(2) വകുപ്പ് പ്രകാരമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

നിലവില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അഴിമതി നിരോധന നിയമം മാത്രമാണ് സിബിഐ പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ദേശദ്രോഹക്കുറ്റവും കസ്റ്റംസ് വകുപ്പും ചുമത്താത്തതെന്തെന്ന് ചോദിച്ച് സിബിഐയെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. കള്ളക്കടത്തിന് സഹായം ചെയ്തതിന് കൈക്കൂലിയായി നല്‍കിയ അരക്കോടി രൂപയുടെ ഹവാല പണം മലയാളിയായ ബിഎസ്എഫ് കമാന്‍ഡന്റ് ജിബു.ഡി.മാത്യുവില്‍ നിന്ന് സിബിഐ പിടികൂടിയതോടെയാണ് അന്താരാഷ്ട്ര കള്ളക്കടത്തിന്റെ ചുരുളഴിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.