ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരം: വെള്ളാപ്പള്ളി

Tuesday 8 May 2018 3:00 am IST

ആലപ്പുഴ: ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരു ജയിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. 

 സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പരാമര്‍ശങ്ങള്‍ ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം മതേതരം പറയുന്ന ഇടതുപക്ഷത്ത് വര്‍ഗീയ പാര്‍ട്ടികളാണുള്ളത്. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസിന്റെ ഒരു കഷണം എന്നിവയെല്ലാം എല്‍ഡിഎഫിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതരം എന്ന ഒന്നില്ല. അത് കള്ളനാണയമാണ്. മതത്തിന്റെ പിന്‍ബലം തേടി അവരുടെ ആവശ്യം പരിഗണിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാലമാണിത്.

  ബിജെപി മുന്നണി ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നു. കപടമതേതരം പറയുന്ന പാര്‍ട്ടികള്‍ കീഴ്പ്പോട്ട് വരികയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ബിജെപിയും ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് തന്നെ സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.