ഇടതുവലതു മുന്നണികള്‍ക്ക് എസ്എന്‍ഡിപിയോട് അടവുനയം

Tuesday 8 May 2018 3:03 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മതമേലദ്ധ്യക്ഷമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണയ്ക്കായി തെക്കു വടക്ക് പായുന്ന ഇടതുവലതു മുന്നണികളും, സ്ഥാനാര്‍ത്ഥികളും എസ്എന്‍ഡിപിയേയും നേതൃത്വത്തെയും അവണിക്കുന്നു. ഒരു വശത്ത് എസ്എന്‍ഡിപി നേതാക്കളെ തള്ളിപ്പറയുകയും, മറു ഭാഗത്ത് സമുദായംഗങ്ങളെയും പ്രാദേശിക നേതാക്കളെയും രഹസ്യമായി സ്വാധീനിക്കാനും ശ്രമിച്ച് പരിഹാസ്യരാകുകയാണ് അവര്‍. 

  ശ്രീനാരായണ ഗുരുദേവനെ തെരുവില്‍ ടാബ്‌ളോയിലൂടെ കയര്‍ കെട്ടിവലിക്കാനും കുരിശില്‍ തറയ്ക്കാനും തയ്യാറായവര്‍ ഇതുവരെ മാപ്പുപറഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്എന്‍ഡിപി നേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനും, അവഹേളിക്കാനും മത്സരിക്കുകയായിരുന്നു ഇടതുവലതു മുന്നണികള്‍. പല പ്രദേശങ്ങളിലും സമുദായ പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും ശാരീരികമായി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

  സ്വാമി ശാശ്വതീകാനന്ദയുടെ സമാധിയില്‍ ദുരൂഹതയുണ്ടെന്ന് കഥകള്‍ പ്രചരിപ്പിച്ചും, മൈക്രോഫിനാന്‍സ് നടത്തിപ്പിലെ ചിലയിടങ്ങളിലെ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടിയും വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളും മത്സരിച്ച് പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിണറായി വിജയനും, വി.എസ്. അച്യുതാനന്ദനും, രമേശ് ചെന്നിത്തലയും, വി.എം. സുധീരനും ഇക്കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. 

 പിന്നീട് വര്‍ഗീയ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ജയിലില്‍ അടയ്ക്കാനായിരുന്നു ശ്രമം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും ബിജെപി നേതാക്കളും മാത്രമാണ് എസ്എന്‍ഡിപി നേതൃത്വത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയതും   ജനറല്‍ സെക്രട്ടറിയുടെ അനുഗ്രഹം തേടാനും പിന്തുണ അഭ്യര്‍ത്ഥിക്കാനും തയ്യാറായതും. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമാണ് എസ്എന്‍ഡിപിക്കുള്ളത്.

 എന്നിട്ടും മറ്റു വിഭാഗങ്ങളുടെ നേതാക്കളെയും മതമേലദ്ധ്യക്ഷന്‍മാരെയും അവരുടെ വീടുകളിലും ഓഫീസുകളിലുമെത്തി പിന്തുണ തേടിയവര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ കാണാന്‍ തയ്യാറാകാത്തതില്‍ സമുദായംഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മറ്റു ചില വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവര്‍ക്ക് പക്ഷെ സമുദായത്തിന്റെ വോട്ടു വേണം. അതിന് അടവുനയങ്ങള്‍ പലതും പയറ്റിത്തുടങ്ങി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.