കുന്നിക്കുരു

Tuesday 8 May 2018 3:13 am IST

ശാസ്ത്രീയ നാമം :  Abrus precatorius

സംസ്‌കൃതം: രക്തഫല, ഗുംജ

തമിഴ്: ഗുണ്ടുമണി

എവിടെകാണാം: ഇന്ത്യയില്‍ ഉടനീളം

പുനരുത്പാദനം : വിത്തില്‍ നിന്ന്. 

ഔഷധപ്രയോഗങ്ങള്‍:   കുന്നിയുടെ ഇല 30 ഗ്രാം അര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 200 മില്ലിയാക്കി വറ്റിച്ച് ഒരു സ്പൂണ്‍ നറുനെയ്യും ചേര്‍ത്ത് വായില്‍ക്കൊണ്ടാല്‍ ചൊടി വിണ്ടുകീറുന്നതും, വായില്‍ പുണ്ണും മാറും. ഈ വെള്ളം ഇറക്കാന്‍ പാടില്ല. വിഷമാണ്. പ്രതിവിഷമായി പാല്‍ കുടിക്കണം. വട്ടത്തില്‍ മുടി കൊഴിയുന്നതിന് പരിഹാരമായി കുന്നിക്കുരു അരച്ച് തേനില്‍ കുഴച്ച് തേച്ചാല്‍ മുടി കിളിര്‍ക്കും. 20 ദിവസം തുടര്‍ച്ചയായി തേയ്ക്കുക. കുന്നിക്കുരു പരിപ്പ്, ചന്ദനം, നെല്ലിക്കത്തൊണ്ട്, വെള്ളരിക്കുരു ഇവ കാടിയില്‍ അരച്ച് വസൂരി രോഗത്തിന്റെ ആരംഭത്തില്‍ കഴിച്ചാല്‍ രോഗം വരില്ല. മറ്റാര്‍ക്കും പകരുകയുമില്ല. 

കുന്നിക്കുരു കാടിയില്‍ അരച്ച് ഗോമൂത്രത്തില്‍ ചാലിച്ച് കുട്ടികളുടെ വയറ്റില്‍ തേച്ചാല്‍ വയറിളക്കം നില്‍ക്കും. കുന്നിക്കുരു കാടിയില്‍ അരച്ച് വയമ്പും ചേര്‍ത്ത് വീണ്ടും അരച്ച് തേന്‍ ചാലിച്ച് വാതമുള്ളിടത്ത് തേച്ചാല്‍ വാതം കൊണ്ടുള്ള നീര് വറ്റും. വേദന മാറും. 

കുന്നിയിലയും പഞ്ചസാരയും കൂട്ടി വായില്‍ ഇട്ട് ചവച്ച് നീരിറക്കിയാല്‍ കുത്തിക്കുത്തിയുള്ള ചുമ ശമിക്കും. വയറിളക്കമോ ഛര്‍ദ്ദിയോ ഉണ്ടായാല്‍ പശുവിന്‍ പാല്‍ കുടിക്കുക. 60 ഗ്രാം കുന്നിയുടെ വേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം എടുത്ത് അതില്‍ രണ്ട് നുള്ള് ഇന്തുപ്പും അഞ്ച് ഗ്രാം വാളന്‍പുളിയും ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം 15 ദിവസം സേവിച്ചാല്‍ പ്ലീഹാവീക്കവും കരള്‍വീക്കവും ശമിക്കും.

എട്ടുകാലി, പഴുതാര, തേള്‍വിഷം ഇവ ശമിക്കുന്നതിന് കുന്നിക്കുരുവും ഇലയും മനുഷ്യമൂത്രത്തില്‍ അരച്ച് തേച്ചാല്‍ മതി. കുന്നിയില വാട്ടിപ്പിഴിഞ്ഞ നീര് ആവണക്കെണ്ണയില്‍ ചാലിച്ച് തേച്ചാല്‍ വാതം കൊണ്ടുള്ള നീരും വീക്കവും മാറിക്കിട്ടും. കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊടുവേലിക്കിഴങ്ങ്( ശുദ്ധി ചെയ്യാത്തത്) അരച്ച് വെള്ളപ്പാണ്ടിന്റെ ആരംഭദശയില്‍ തേച്ചാല്‍ പാണ്ട് നിശ്ശേഷം മാറും. കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. കുന്നിവിത്ത് അഞ്ച് ഗ്രാം, വേര് അഞ്ച് ഗ്രാം ഇവ 250 മില്ലി എള്ളെണ്ണയില്‍ മണല്‍പാകത്തില്‍ തൈലം കാച്ചി തേച്ചാല്‍ ഗോയിറ്ററിന് ശമനമുണ്ടാകും. ഒരു മാസം തുടര്‍ച്ചയായി തേയ്ക്കുക. 

കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. ( ഓരോന്നും ഓരോ കിലോ വീതം എടുത്ത് വെള്ളം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക). വെളിച്ചെണ്ണ അരലിറ്റര്‍. ഇവ മൂന്നും അരക്ക് മധ്യപാകത്തില്‍ കാച്ചി തലയില്‍ തേച്ചാല്‍ തലയ്ക്കും ശരീരത്തിനും കുളിര്‍മ കിട്ടും. 

കുന്നിക്കുരു, കടുക്കാത്തൊണ്ട്, നെല്ലിക്കത്തൊണ്ട്, താന്നിക്ക, പുരാണക്കിത്തം ഇവ സമം അരച്ച് ചെമ്പരത്തിപ്പൂ നീരില്‍ ചാലിച്ച് തലയില്‍ തേച്ചാല്‍ കഷണ്ടിയിലും മുടി വളരും. രണ്ട് മാസം തുടര്‍ച്ചയായി തേക്കുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.