വടപളനിയിലെ ശ്രീദണ്ഡായുധപാണി ക്ഷേത്രം

Tuesday 8 May 2018 3:16 am IST

ചെന്നൈ നഗരത്തില്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് വടപളനിയിലെ ദണ്ഡായുധപാണി ക്ഷേത്രം. പഴനിയിലെ മുരുകന്റേതുപോലെതന്നെയുള്ള പ്രതിഷ്ഠയാണിവിടെ. ഭഗവാന്‍ നില്‍ക്കുന്ന നിലയിലാണ്.

പണ്ട്, 130 വര്‍ഷങ്ങള്‍ക്കും മുന്‍പ് അണ്ണസ്വാമി തമ്പീരാന്‍ എന്ന ഒരു മുരുകഭക്തന്‍ ഒരു ഓലപ്പുര മേഞ്ഞുകെട്ടി മുരുകന്റെ ചിത്രം അവിടെവച്ച് പ്രാര്‍ത്ഥിക്കുകയും ഭജിക്കുകയും ചെയ്തു പോന്നു. ധ്യാനസമയത്തും പ്രാര്‍ത്ഥനാവേളയിലുമൊക്കെ ഒരു ഈശ്വരചൈതന്യം തന്റെ ഉള്ളിലേക്ക് പ്രവഹിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. അങ്ങനെ ഒരു ആനന്ദമൂര്‍ച്ഛാവേളയില്‍ അദ്ദേഹം പറയുന്നതെല്ലാം സത്യമായി ഭവിച്ചു. ആത്മീയ സമാധി വേളയിലെ ഈ ഉരിയാടല്‍ 'അരുള്‍വാക്ക്' എന്ന് അറിയപ്പെട്ടു. ഭക്തര്‍ക്ക് പല രീതിയില്‍ അത് ആശ്വാസം പകര്‍ന്നു. രോഗം ബാധിച്ചവര്‍ രോഗമുക്തരായി, തൊഴില്‍ തേടുന്നവര്‍ക്ക് ജോലി കിട്ടി, വിവാഹം ഉടന്‍ നടക്കണമെന്നാഗ്രഹിച്ചവരുടെ വിവാഹം നടന്നു. ഭഗവാന്‍ ഭക്തരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. 

തമ്പിരാന് പെട്ടെന്ന് രോഗം ബാധിച്ചു. ഒരു യോഗിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം തിരുത്തണിയില്‍ ചെന്ന് മുരുകനെ ദര്‍ശിച്ചു. അവിടെ എത്തിയ ഈ ഭക്തന്‍ കത്തിയെടുത്ത് തന്റെ നാവിന്റെ ഒരു കഷ്ണം മുറിച്ച് ഭഗവാനു മുന്‍പില്‍ ബലിപീഠത്തില്‍ സമര്‍പ്പിച്ചു. രോഗശമനം കണ്ടില്ല.

പിന്നീട് അദ്ദേഹം കാല്‍നടയായി ചെന്ന് പഴനിയിലെ, മുരുകനെ ദര്‍ശിച്ചു. വിചിത്രമായ ചില അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായി. മടങ്ങിയെത്തി ഓലപ്പുരയിലെ മുരുകനെ ഭജിച്ച് കഴിഞ്ഞുകൂടി. തന്റെ അന്ത്യം അടുത്തു എന്ന് തോന്നിയപ്പോള്‍ ആത്മസുഹൃത്തായ രത്‌നസ്വാമിയെ സമീപിച്ച് മുരുകനുള്ള പൂജയും ഭജനവും തന്റെ കാലശേഷവും മുടക്കംകൂടാതെ തുടരണമെന്നഭ്യര്‍ത്ഥിച്ചു. മുരുകന് ഒരു ചെറിയ സന്നിധിയൊക്കെ നിര്‍മിച്ച് രത്‌നസ്വാമി പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടത്തി. അദ്ദേഹത്തിന്റെ അരുള്‍വാക്കുകളും യാഥാര്‍ത്ഥ്യങ്ങളായി.

ഭക്തര്‍ സമര്‍പ്പിച്ച പണം സ്വരൂപിച്ച് അദ്ദേഹംക്ഷേത്രം കുറേക്കൂടി മെച്ചപ്പെടുത്തിയെങ്കിലും പണി പൂര്‍ത്തിയാകും മുന്‍പ് അദ്ദേഹവും മരണത്തിന് കീഴടങ്ങി.പരോപകാരികളും മനുഷ്യസ്‌നേഹികളുമായ ഭക്തര്‍ പില്‍ക്കാലത്ത് ഇത് മനോഹരമായ ഒരു ക്ഷേത്രമാക്കി മാറ്റി.

വിശാലമായ ക്ഷേത്രാങ്കണമാണ് ഇവിടുത്തേത്. ഭൈരവര്‍, വരസിദ്ധി വിനായകര്‍, പാര്‍വതീദേവി, ചൊക്കനാഥര്‍, വള്ളി-ദേവയാനീ സമേതനായ ഷണ്മുഖന്‍, കാളി എന്നിവരുടെ സന്നിധികളുണ്ട്.പ്രവേശന കവാടത്തിലാണ് രാജഗോപുരം. ചുമരില്‍ സ്‌കന്ദപുരാണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

തീര്‍ത്ഥക്കുളം ക്ഷേത്രത്തിനു മുന്‍പില്‍ തന്നെയാണ്. കിഴക്കുവശത്തെ ഗോപുരത്തില്‍ ഭരതനാട്യത്തിലെ 108 നടനഭാവങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.തമിഴ് മാസമായ ഐപ്പശിയിലെ സ്‌കന്ദഷഷ്ഠി,  പങ്കുനി മാസത്തിലെ ഉത്രം, എല്ലാ മാസങ്ങളിലെയും കാര്‍ത്തിക ഇവ ഇവിടെ  പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

രാവിലെ 5 മണി തൊട്ട് ഉച്ചയ്ക്ക് 12 മണിവരെയും വൈകിട്ട് 5 മണി തൊട്ട് 9 മണിവരെയും ദര്‍ശനസൗകര്യമുണ്ട്.വടപളനിയിലെ ആണ്ടവര്‍ കോവില്‍ സ്ട്രീറ്റിലാണ് ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്ന വീഥിയ്ക്കും ആ പേരാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.