വിദ്യാര്‍ത്ഥികളുടെ മികവ് പരിശോധിക്കുന്നില്ല, നിരന്തര മൂല്യനിര്‍ണ്ണയ രീതി പൊളിച്ചെഴുതുന്നു

Tuesday 8 May 2018 3:18 am IST

കോട്ടയം: നൂറുമേനി വിജയം കൊയ്യാനുള്ള സ്‌കൂളുകളുടെ മത്സരത്തിനിടെ നിരന്തര മൂല്യനിര്‍ണ്ണയം അട്ടിമറിക്കുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ മികവ് പരിശോധിക്കാതെയാണ് തുടര്‍മൂല്യനിര്‍ണ്ണയം നടക്കുന്നതെന്നാണ് വിമര്‍ശനം. ആകെയുള്ള നൂറ് മാര്‍ക്കില്‍ 20 മാര്‍ക്കാണ് നിരന്തര മൂല്യനിര്‍ണ്ണയ രീതിയിലൂടെ നല്‍കേണ്ടത്.   

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരത്തിന്റെയും ക്ലാസിലെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മികവ് പരിശോധിക്കാതെ അര്‍ഹതയില്ലാത്തവര്‍ക്കും മുഴുവന്‍ മാര്‍ക്ക് കൊടുക്കാന്‍ അദ്ധ്യാപകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിജയ ശതമാനം ഉയര്‍ത്തുന്നതിനുള്ള കുറുക്ക് വഴിയായി സ്‌കൂളിന്റെ തലപ്പത്തുള്ളവര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തെ കണ്ടതോടെയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷം മുതല്‍ നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. 

    വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ പരിശോധിക്കാനുള്ള സംവിധാനമായി പരീക്ഷ മാറുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ നിരന്തര മൂല്യനിര്‍ണ്ണയം ഏര്‍പ്പെടുത്തിയത്. സെമിനാറുകള്‍, പ്രോജക്ടുകള്‍, പ്രവര്‍ത്തനങ്ങള്‍  തുടങ്ങിയവ വിലയിരുത്തിയാണ് മാര്‍ക്ക് നിശ്ചയിക്കേണ്ടത്. ഒരോ സ്‌കൂളിലെയും ഈ പ്രവര്‍ത്തനം പരിശോധിക്കാന്‍ അദ്ധ്യാപകര്‍ ഉള്‍പ്പെട്ട ഔട്ട് സൈഡ് സപ്പോര്‍ട്ടിങ് സ്‌കീമും (ഒഎസ്എസ്) ഏര്‍പ്പെടുത്തി. എന്നാല്‍ ഒഎസ്എസിനെക്കുറിച്ച് തുടക്കം മുതല്‍ നിരന്തരം പരാതികളായിരുന്നു. ഭരണാനുകൂല സംഘടനകളില്‍പ്പെട്ട അദ്ധ്യാപകര്‍ ഇതില്‍ കയറിക്കൂടിയതാണ് ആക്ഷേപത്തിന് ഇട നല്‍കിയത്. പരാതികള്‍ ഏറിയതോടെ പരിശോധനയും നിലച്ചു. ഇതോടെ നിരന്തര മൂല്യനിര്‍ണ്ണയം വഴിപാടായി മാറി. നൂറുമേനിക്കായി അര്‍ഹതയില്ലാത്തവര്‍ക്കും മാര്‍ക്ക് കൊടുക്കാനുള്ള അവസരം സ്‌കൂളിനെ നയിക്കുന്നവര്‍ക്ക് ലഭിച്ചു.

     ഈ വര്‍ഷവും നിരന്തര മൂല്യനിര്‍ണ്ണയ രീതി മാറ്റങ്ങളോടെ തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. ഒഎസ്എസിന് പകരം ഡയറ്റിന്റെ പ്രതിനിധി, ഡിഇഒ, വിഷയ വിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ടീം ഒരാഴ്ചയില്‍ രണ്ട് സ്‌കൂളുകളില്‍ വീതമെത്തി മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. അര്‍ഹതയുള്ളവര്‍ക്ക് മാത്രം മാര്‍ക്ക് കൊടുക്കുന്നുവെന്ന് ഈ ടീം ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.