ക്ഷേത്രങ്ങള്‍ക്ക് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം

Tuesday 8 May 2018 3:18 am IST

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളെയെല്ലാം ഒരുകേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ക്ഷേത്രങ്ങളിലെല്ലാം നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റു മുഖേന അവയെ ബന്ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി. കെല്‍ട്രോണുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിച്ചു കാണിക്കാന്‍ ചില കോണുകളില്‍ നിന്ന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. ശബരിമലയടക്കം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദ നിര്‍മ്മാണം കേന്ദ്ര സ്ഥാപനമായ മൈസൂരിലെ സെന്‍ട്രല്‍ ഫുഡ്‌ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ തയ്യാറാക്കും. ഇവിടെ നിന്നുള്ള വിദഗ്ദ്ധര്‍ ഇടവമാസ പൂജകള്‍ക്കായി നടതുറന്നിരിക്കുന്ന സമയത്ത് സന്നിധാനത്ത് എത്തും.

ഇവരുടെ സഹായത്തോടെ അരവണയും ഉണ്ണിയപ്പവും നിര്‍മ്മിക്കും. ഈ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം അനുസരിച്ചാല്‍ അരവണ നിര്‍മ്മാണത്തില്‍ ശര്‍ക്കരയുടെ അളവ് കാര്യമായി കുറയ്ക്കാനാകും. കൊട്ടാരക്കരയിലെ ഉണ്ണിയപ്പവും കവിയൂരിലെ ഉഴുന്നുവടയുമെല്ലാം ഇവരുടെ ഉപദേശമനുസരിച്ച് നിര്‍മ്മിക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.