സെൻ്റ് തോമസ് എന്ന മിഥ്യ

Tuesday 8 May 2018 3:28 am IST
എ.ഡി. 52ല്‍ കേരളത്തില്‍ വന്നു എന്ന് പറയുന്ന തോമസിന് ആര് സെയ്ന്റ് പട്ടം കൊടുത്തു? എ.ഡി. 52ല്‍ കേരളത്തിലെത്തിയെന്നും ജറുസലേമിലോ റോമിലോ എവിടെയും ക്രിസ്തുവും, മതവും, കുരിശും ആരുടെയും ചിന്തയില്‍പ്പോലും വരാതിരുന്ന അവസരത്തില്‍, കേരളത്തില്‍ ക്രിസ്തുമത പ്രചാരണം നടത്തിയെന്നും പറയുന്നതിന്റെ അര്‍ത്ഥശൂന്യത ചിന്തിച്ചുനോക്കുക!

ഏത് വസ്തുവിനെയും  വിഷയത്തെയും ഹൃദയാകര്‍ഷകമായി അവതരിപ്പിക്കാനുള്ള ചാതുര്യത്തില്‍ അധിഷ്ഠിതമാണ് കച്ചവടമത സംസ്‌ക്കാരത്തിന്റെ ശ്രേഷ്ഠത. ഭാരതത്തില്‍ ചില മതങ്ങള്‍, അത് മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാന്‍ ഇമ്മാതിരി പ്രതിഭാസങ്ങള്‍ നടത്തുന്നുണ്ട്. എ.ഡി. 52ല്‍ സെയിന്റ് തോമസ് കൊടുങ്ങല്ലൂരില്‍ എത്തിയെന്നും പള്ളിയും കുരിശും സ്ഥാപിച്ച് ബ്രാഹ്മണരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തെന്നും ഉള്ള പ്രചാരണം അതിന്‌റെ ഭാഗമാണ്.  200 കോടി രൂപയുടെ ബഡ്ജറ്റില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടെ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം ഉദ്ഖനനം ചെയ്തത് അതിന്റെ തുടര്‍ച്ച. 

ആരാണീ സെയ്ന്റ് തോമസ്?  യേശുവിന്റെ തിരോധാനത്തിന് 200 വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് പോള്‍ എന്ന വ്യക്തി യേശുവിനെ കുരിശില്‍ കയറ്റിയത് ആസ്പദമാക്കി ഒരു സംഘടന രൂപികരിക്കുവാന്‍ ശ്രമിക്കുന്നത്. യഹൂദ ഭരണവര്‍ഗ്ഗം അയാളേയും കുരുശിലേറ്റുവാന്‍ ശ്രമിച്ചെങ്കിലും സമര്‍ത്ഥനായ പോള്‍ (പൗലോസ്) അതിനെ പ്രതിരോധിച്ചു. പിന്നെയും 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജറുസലേമിലും പരിസര പ്രദേശങ്ങളിലും ഒരു സംഘടനാ രൂപത്തില്‍ യേശുവിന്റെ അനുയായികളെ ഉണ്ടാക്കിയെടുക്കുന്നത്. ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന് വേണ്ടി ദാഹിച്ചിരുന്ന ആ പ്രദേശത്ത്, ബുദ്ധമത പ്രചാരകരില്‍ നിന്നും മാനിക്കന്‍ മതസ്ഥരില്‍ നിന്നും മറ്റും കിട്ടിയ അറിവും ഭാരതത്തിലേക്ക് സഞ്ചരിച്ചിരുന്ന സഞ്ചാരികളില്‍ നിന്നു കിട്ടിയ അറിവും എല്ലാം ചേര്‍ത്ത് എ.ഡി. 325ല്‍ ഏഷ്യാമൈനറില്‍ നിഖ്യയില്‍ വച്ച് സുനഹദോസ് (മതസമ്മേളനം) കൂടുകയും പതിനെട്ട് പേരെഴുതിയ പതിനെട്ട് തരം ബൈബിളില്‍ നിന്നു നാലുതരം ബൈബിളിനെ അംഗീകരിക്കുകയും ചെയ്തു. ഈ സമ്മേളനത്തില്‍ വച്ചാണ് കുരിശ് ക്രിസ്തുമതത്തിന്റെ സിംബലായി അംഗീകരിക്കുന്നത്. (യേശുവിനൊപ്പം കുരിശില്‍ത്തറച്ച് മറ്റ് രണ്ടുപേരെ വിട്ടേക്കുക) അതിന് ശേഷമാണ് ഇത് ഒരു മതത്തിന്റെ രൂപത്തില്‍ വളരാന്‍ തുടങ്ങുന്നത്.

പിന്നെയും 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍സ്റ്റൈന്റിനും തന്റെ ശക്തനായ എതിരാളി മാക്‌സിമിയന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധമുണ്ടാകുന്നത്. ചക്രവര്‍ത്തിയെ തോല്‍പ്പിക്കാന്‍ ആ പ്രദേശ വാസികളായ ക്രിസ്ത്യാനികള്‍ ചതിയിലും വഞ്ചനയിലും കൂടി കോണ്‍സ്റ്റൈന്റിനെ സഹായിച്ചതിനുള്ള പാരിതോഷികമായാണ് അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുന്നതും, അതിനെ രാഷ്ട്രമതമായി അംഗീകരിക്കുന്നതും. അവിടെ മുതല്‍ക്കാണ് ഹീനമാര്‍ഗ്ഗങ്ങളില്‍ക്കൂടി മതപരിവര്‍ത്തന പ്രക്രിയ ആരംഭിക്കുന്നത്. പിന്നെയും കുറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് പുരോഹിതവര്‍ഗം ഉടലെടുക്കുന്നത്. എ.ഡി. 52ല്‍ കേരളത്തില്‍ വന്നു എന്ന് പറയുന്ന തോമസിന് ആര് സെയ്ന്റ് പട്ടം കൊടുത്തു?  എ.ഡി. 52ല്‍  കേരളത്തിലെത്തിയെന്നും ജറുസലേമിലോ റോമിലോ എവിടെയും ക്രിസ്തുവും, മതവും, കുരിശും ആരുടെയും ചിന്തയില്‍പ്പോലും വരാതിരുന്ന അവസരത്തില്‍, കേരളത്തില്‍ ക്രിസ്തുമത പ്രചാരണം നടത്തിയെന്നും പറയുന്നതിന്റെ അര്‍ത്ഥശൂന്യത ചിന്തിച്ചുനോക്കുക!

യേശുവിന്റെ സന്തതസഹചാരി ആയിരുന്ന ദിദിമോസ് തോമസ്,  യേശു പറയുന്നതെന്തും അവിശ്വസിക്കുകയും തര്‍ക്കിക്കുകയും ചെയ്തിരുന്നു. ക്ഷമ നശിക്കുമ്പോള്‍ യേശു പറയുമായിരുന്നുപോലും നീ ഭാരതത്തില്‍ ചെന്ന് ബോദ്ധ്യപ്പെടൂ എന്ന്. ഒരുപക്ഷെ ഏതെങ്കിലും തരത്തില്‍ ദിദിമോസ് കേരളത്തില്‍ എത്തിയെങ്കില്‍ യേശുവിനെ അവിശ്വസിച്ചിരുന്ന, അവഹേളിച്ചിരുന്ന ഒരു മതത്തെ സംബന്ധിച്ചോ അനുയായികളെ സംബന്ധിച്ചോ ഒരു തരത്തിലും ഒരു ആശയം ഉണ്ടാകുന്നതിന് മുമ്പ് എങ്ങനെയാണ് പ്രചാരണം നടത്തുന്നത്.? എ.ഡി. 60ലാണ് പ്ലീനി (പെരിപ്ലസുകാരന്‍) കേരളത്തില്‍ സഞ്ചരിക്കുന്നതും ഇവിടത്തെ ധാരാളം  കാര്യങ്ങള്‍ വര്‍ണിച്ച് രേഖപ്പെടുത്തിയിരിക്കുന്നതും. ടോളമി എന്ന ഗ്രന്ഥകാരന്‍ രണ്ടാം നൂറ്റാണ്ടില്‍ (എ.ഡി. 150) കേരളം സന്ദര്‍ശിച്ച് പല കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്ന് ഒരു മഹാന്‍ ഇവിടെ വന്ന് മതപ്രചാരണം നടത്തുന്നത് മാത്രം മറന്നുപോകുമോ?

ഒന്നാം ശതകത്തിന്റെ ആരംഭം മുതല്‍ മുത്തമിഴ് കാവ്യങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.  സാമൂഹ്യപരമായ കാര്യങ്ങളും അതില്‍ പ്രതിപാദിക്കുന്നുണ്ട്. ചെക്കിനാര്‍ രചിച്ച പെരിയപുരാണ്ത്തില്‍ തിരുവഞ്ചിക്കുളത്തെ മഹിമകള്‍ വര്‍ണിക്കുന്നു. വിഷ്ണുക്ഷേത്രം, ബൗദ്ധവിഹാരം, ജൈനമഠം എല്ലാം പറയുന്നു. ചിലപ്പതികാരം, മണിമേഖല, ഓരോ ചേരരാജാക്കന്മാരുടെയും അപദാനങ്ങള്‍ വര്‍ണിക്കുന്ന പതിറ്റിപ്പത്ത്, പുറനാന്തൂറ്, ആദിധാന ചിന്താമണി ഇതോന്നിലും ഇങ്ങനെയൊരു മതപ്രചാരകനെക്കുറിച്ച് പറയുന്നില്ല. സെന്റ്‌തോമസ് കെട്ടുകഥ കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ അംഗീകരിക്കുന്നില്ല. കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടരി ആയിരുന്ന ഇ.പി. ആന്റണി ഈ കഥയെ കഠിനമായി അധിക്ഷേപിക്കുന്നു. 

എ.ഡി. 68ല്‍ കേരളം സന്ദര്‍ശിച്ച ഒരു ജൂത സഞ്ചാരി ഇവിടെ മാപിള്ള എന്ന ചെറിയ സംഘം ആളുകളെ കാണുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അത് സെയ്ന്റ് തോമസ് മതം മാറ്റം നടത്തിയ കൃസ്ത്യാനികളല്ല. യേശു ജനിക്കുന്നതിനും നാലായിരം വര്‍ഷം മുമ്പ് മുതലെങ്കിലും കേരളത്തില്‍ വ്യാപാരാര്‍ത്ഥം ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിയിരുന്നു. ബാബിലോണിയന്‍ കൊട്ടാരത്തിന് കേരളത്തില്‍ നിന്നുള്ള തേക്കുതടി ഉപയോഗിച്ചിട്ടുണ്ട് എന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്ന. ബി.സി. മൂവായിരാമാണ്ടില്‍ നിര്‍മ്മിച്ച കൊട്ടാരത്തിന് കേരളത്തിലെ തേക്ക് തടി ഉപയോഗിച്ചുവെങ്കില്‍ തേക്കിന്റെ മാഹാത്മ്യം അറിയാവുന്ന ഒരു ജനത ഇവിടെ വസിച്ചിരുന്നു എന്നര്‍ത്ഥം. തടിയുടെ വൈശിഷ്ട്യം മനസ്സിലാക്കുവാന്‍ രാസപരിശേധനാമാര്‍ഗ്ഗങ്ങളൊന്നും അന്നില്ലല്ലോ. ഇന്നേക്ക് ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലെങ്കിലും ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തില്‍ സംസ്‌ക്കാര സമ്പന്നരായ ഒരു ജനത വസിച്ചിരുന്നു എന്നതിന് ഇതിലധികം തെളിവുവേണോ?

അങ്ങനെ വ്യാപാരാര്‍ത്ഥം എത്തുന്ന സഞ്ചാരികള്‍ നടത്തിയതു, കാറ്റിന്റെ ഗതിയനുസരിച്ചുള്ള സമുദ്രയാത്ര ആയിരുന്നു. തിരിച്ചു പോകുവാന്‍, കാറ്റിന്റെ ഗതി അനുകൂലമാകുന്നതുവരെ മാസങ്ങളോ വര്‍ഷങ്ങള്‍ തന്നെയോ തങ്ങേണ്ടി വരുമായിരുന്നു. ഈ സമയത്ത് അവര്‍ ഇവിടെ താല്‍ക്കാലിക വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.  അവരില്‍ ജനിക്കുന്ന സന്താനങ്ങളെ മാപിള്ള (മാതാവിന്റെ മക്കള്‍) എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങനെ മാപിള്ള എന്നൊരു വര്‍ഗ്ഗം, യേശു ജനിക്കുന്നതിനും പല ആയിരത്താണ്ട് മുമ്പ് മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അതിനു സെയ്ന്റ് തോമസുമായി ബന്ധമില്ല.  

കേരളത്തില്‍ ബ്രാഹ്മണരുടെ വ്യാപക ആധിപത്യം ഉണ്ടാകുന്നത് ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ട് മുതല്‍ക്കാണ്. മലബാര്‍ഭാഗം ഒഴിച്ച് തെക്കോട്ട് വിരലിലെണ്ണാവുന്ന ബ്രാഹ്മണ കുടുംബങ്ങളെ അതിന് മുമ്പ് ഉണ്ടായിരുന്നുള്ളു. പിന്നെ ഏതു ബ്രാഹ്മണ കുടുംബത്തെയാണ് എ.ഡി.52ല്‍ മതംമാറ്റിയത്?. ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും നിലവിലിരുന്ന കേരളത്തില്‍ ദീര്‍ഘവീക്ഷണ ചാതുര്യത്തോടെ ഒരു കഥ മെനഞ്ഞുണ്ടാക്കി, ക്രിസ്തുമത പരിവര്‍ത്തന യത്‌നം ആകര്‍ഷകമാക്കുവാന്‍ പതിനെട്ടാം നൂറ്റാണ്ടുമുതല്‍ പ്രചരിപ്പിക്കുന്ന ഒരു കഥയാണ് സെയ്ന്റ് തോമസും ബ്രാഹ്മണ മതം മാറ്റവും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.