ഇംപീച്ച്‌മെന്റ്: രാജ്യസഭാ അധ്യക്ഷനെതിരായ കോണ്‍ഗ്രസ് എംപിമാരുടെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

Tuesday 8 May 2018 3:32 am IST

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ്മാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍. വിമത ജഡ്ജി ചെലമേശ്വറിന്റെ ബെഞ്ചിന് മുന്നില്‍ കേസെത്തിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ നീക്കത്തിന് തടയിട്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ചിന് ഹര്‍ജി കൈമാറിയത്. 

പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായ പ്രതാപ് സിങ് ബാവ്ജയും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അമീ ഹര്‍ഷദ്രയ് യാജ്‌നിക്കുമാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ രാജ്യസഭാധ്യക്ഷന് അധികാരമില്ലെന്നും അമ്പതിലേറെ എംപിമാര്‍ ഒപ്പിട്ടു സമര്‍പ്പിച്ച നോട്ടീസിന്മേല്‍ തുടര്‍നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിന് മുന്നിലാണ് കോണ്‍ഗ്രസ് എംപിമാരുടെ ഹര്‍ജി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ആംആദ്മി നേതാവ് അഡ്വ. പ്രശാന്ത് ഭൂഷണും ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍ ഹര്‍ജി കേള്‍ക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആദ്യം തയ്യാറായില്ല. ഇതേ തുടര്‍ന്ന്, ഇടക്കാല ഉത്തരവല്ല ആവശ്യമെന്നും ഹര്‍ജി ഏതു ബെഞ്ച് പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ലക്ഷ്യമെന്നും സിബല്‍ പറഞ്ഞു. 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജി ഏതു ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും രണ്ടാമനായ ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന്മേല്‍ ഇന്ന് രാവിലെ  നിലപാട് അറിയിക്കാമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി ഉത്തരവിറക്കി. വിമത ജഡ്ജിമാരെ കൂട്ടുപിടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കത്തിന് ഫലപ്രദമായി തടയിടാന്‍ ഇതുവഴി സാധിച്ചു. 

കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ് വാദിപാര്‍ട്ടി, ബിഎസ്പി, മുസ്ലീംലീഗ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ 64 രാജ്യസഭാ എംപിമാരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന് കത്തു നല്‍കിയത്. എന്നാല്‍ യാതൊരു തെളിവുകളും ഹാജരാക്കാനില്ലാതെ നല്‍കിയ നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളുകയായിരുന്നു. നോട്ടീസ് പരിഗണിച്ച് അന്വേഷണ സമിതി പ്രഖ്യാപിക്കേണ്ട ചുമതല രാജ്യസഭാധ്യക്ഷന്‍ നിര്‍വഹിച്ചില്ലെന്നാണ് കോണ്‍ഗ്രസ് എംപിമാരുടെ പരാതി. ഏപ്രില്‍ 20ന് എംപിമാര്‍ നല്‍കിയ നോട്ടീസ് 23ന് വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞു. ഇത്രയും ദിവസം ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാധ്യക്ഷന്‍ ദല്‍ഹിക്ക് പുറത്തായിരുന്നെന്നും എംപിമാരുടെ പരാതിയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ ബെഞ്ച് പരിഗണിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.