മലപ്പുറത്ത് സേവാഭാരതി കാര്യാലയം ആക്രമിച്ചു; ഇത്തവണ സേവാഭാരതി കാര്യാലയത്തിന് നേരെ

Tuesday 8 May 2018 3:37 am IST

മലപ്പുറം: കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ മലപ്പുറത്ത് വീണ്ടും ആക്രമണം. ഇന്നലെ വൈകിട്ട് ആറോടെ മുണ്ടുപറമ്പിനടുത്ത് ചന്നത്ത് ക്ഷേത്രത്തോട് ചേര്‍ന്നിരിക്കുന്ന സേവാഭാരതി കാര്യാലയത്തിലാണ് ആക്രമണം നടന്നത്. 

കാറിലെത്തിയ മുഖമൂടി സംഘം കാര്യാലയത്തിലേക്ക് കമ്പിവടികളുമായി ഇരച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് കാര്യാലയത്തിലുണ്ടായിരുന്നയാള്‍ വാതിലടക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കമ്പിവടികൊണ്ട് വാതില്‍ തകര്‍ക്കാനാകാതെ വന്നതോടെ സംഘം കണ്ണില്‍ കണ്ട വസ്തുക്കളെല്ലാം തകര്‍ത്തു. മുന്‍ വാതിലിനോട് ചേര്‍ന്നുള്ള രണ്ടാം വാതിലിനും ഗ്രില്ലിനും ആക്രമത്തില്‍ തകരാറുകള്‍ സംഭവിച്ചു. കുടിവെള്ള പൈപ്പും കസേരകളും തല്ലിത്തകര്‍ത്തു. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്ട്രച്ചറുകള്‍ ചവിട്ടിയൊടിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം. 

കഴിഞ്ഞ ദിവസം രാത്രിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിരുന്നു. എന്നാല്‍ വിഷയത്തെ നിസ്സാരവല്‍ക്കരിച്ച പോലീസ്, കല്ല്യാണവീട്ടില്‍ ഗുണ്ട് പൊട്ടിച്ചപ്പോള്‍ തെറിച്ചു വീണതാണെന്ന ബാലിശമായ വിശദീകരണമാണ് നേതാക്കളെ അറിയിച്ചത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നിട്ടും പോലീസ് നിഷ്‌ക്രിയമാണ്. 

അപ്രഖ്യാപിത ഹര്‍ത്താല്‍ സമയത്ത് കാര്യാലയം അക്രമിക്കാന്‍ പദ്ധതികളിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നിട്ടും പോലീസ്  മുന്‍ കരുതലുകള്‍ എടുത്തില്ല.  പ്രതിഷേധ പ്രകടനത്തിനുനേരെയും കഴിഞ്ഞ ദിവസം അക്രമ ശ്രമമുണ്ടായിരുന്നു. അക്രമത്തിനു പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള ഒരുവിധ ശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.