മാധ്യമ പ്രവര്‍ത്തകനെ എംഎല്‍എ തല്ലാനോടിച്ചു

Tuesday 8 May 2018 3:37 am IST

കല്‍പ്പറ്റ:  വാഹനാപകടത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 'മാതൃഭൂമി' ഫോട്ടോഗ്രാഫര്‍ പി. ജയേഷിനുനേരെ കല്‍പ്പറ്റ എംഎല്‍എ  സി.കെ. ശശീന്ദ്രന്റെ  കൈയേറ്റ ശ്രമം. ജയേഷിനെ തല്ലാനോടിച്ച എംഎല്‍എയെ മറ്റുള്ളവര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.

മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ജയേഷും മറ്റു മാധ്യമപ്രവര്‍ത്തകരും. അതിനിടയില്‍ സ്ഥലത്തെത്തിയ എംഎല്‍എ ഒരു പ്രകോപനവുമില്ലാതെ ജയേഷിനുനേരെ തട്ടിക്കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നുവെന്നാരോപിച്ചായിരുന്നു ഇത്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ നിരവധി പേര്‍  ശ്രമിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായാണ് ചിത്രീകരിക്കുന്നതെന്നും ജയേഷും പറഞ്ഞു. ഇതോടെ വീണ്ടും മോശമായി സംസാരിച്ച എംഎല്‍എ പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിനുശേഷം വീണ്ടും കൈയ്യേറ്റം ചെയ്യാനായി 10 മീറ്ററോളം ജയേഷിനെ ഓടിച്ചു.  മറ്റു മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് എംഎല്‍എയെ തടഞ്ഞത്.

തിങ്കളാഴ്ച രാവിലെ 10.30 ഓടെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം. തുടര്‍ന്ന് ഓട്ടോ  സ്‌കൂട്ടറിലും ഇടിച്ചു. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ വെള്ളം കുടിച്ച് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം  ആശുപത്രിയില്‍ പോയാല്‍ മതിയെന്ന് പറഞ്ഞതിനാലാണ് പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാതിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടയിലാണ് സി.കെ ശശീന്ദ്രന്‍  മന്ത്രിസഭാ വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്നും ഇറങ്ങിവന്ന് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്. ഇതുകണ്ട്  നാട്ടുകാരില്‍ ചിലരും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞു. 

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് എംഎല്‍എ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത്. മനുഷ്യത്വം വേണമെന്ന് പറഞ്ഞ് ആക്രോശിക്കുകയും ജയേഷിനെ പിന്നോട്ട് തള്ളിമാറ്റി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.  തടയാന്‍ ശ്രമിച്ച മറ്റു മാധ്യമപ്രവര്‍ത്തകരോടും എംഎല്‍എ കയര്‍ത്തു. ആക്രോശം തുടര്‍ന്ന  എംഎല്‍എയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. സംഭവത്തിനുശേഷം എംഎല്‍എ. ജയേഷിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.