ഒപ്പത്തിനൊപ്പം

Tuesday 8 May 2018 3:40 am IST

ബാഴ്‌സലോണ: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ വീഴ്ത്താനുള്ള റയല്‍ മാഡ്രിഡിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ആദ്യ പകുതിയുടെ അവസാനം  മുതല്‍ പത്ത് പേരായി ചുരുങ്ങിയെങ്കിലും ബാഴ്‌സ വീഴാതെ പിടിച്ചു നിന്നു. രണ്ട് തവണ മുന്നില്‍ ക്കയറിയ ബാഴ്‌സ ഒടുവില്‍ സമനില വഴങ്ങി. ലാലഗയിലെ തോല്‍വിയറിയാത്ത കുതിപ്പ് തുടരുകയാണവര്‍. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

ന്യൂ കാമ്പില്‍ ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത ബാഴ്‌സ പത്താം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ലൂയിസ് സുവാരസാണ് സ്‌കോര്‍ ചെയ്തത്. വലതു പാര്‍ശ്വത്തില്‍ നിന്ന് റോബര്‍ട്ടോ നല്‍കിയ പാസ് അനായാസം സുവാരസ് റയലിന്റെ വലയിലേക്ക് കടത്തി വിട്ടു.

പക്ഷെ ഗോളാരവം അവസാനിക്കും മുമ്പ് റയല്‍ മാഡ്രിഡ് തിരിച്ചടിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന് സമനിലയൊരുക്കിയത്. കരീം ബെന്‍സേമ തലകൊണ്ട് മറിച്ചു കൊടുത്ത പന്ത് റൊണാള്‍ഡോ ബാഴ്‌സയുടെ വലയിലാക്കി. ഇതോടെ റൊണാള്‍ഡോ ആല്‍ഫ്രേഡോ ഡി സ്‌റ്റെഫാനോയുടെ എല്‍ ക്ലാസിക്കോയില്‍ പതിനെട്ട് ഗോളുകന്നെ റെക്കോഡിനൊപ്പം എത്തി. പരിക്കേറ്റതിനെ തുടര്‍ന്ന് റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയില്ല.

ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍  സെര്‍ജി റോബര്‍ട്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സ ടീം പത്തുപേരായി ചുരുങ്ങി. പക്ഷെ ഈ അവസരം മുതലാക്കാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞില്ല. അതേസമയം പത്തുപേരുമായി പൊരുതിയ ബാഴ്‌സ രണ്ടാം പകുതിയുടെ ഏഴാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയാണ് അവരെ മുന്നിലെത്തിച്ചത്. സുവാരസിന്റെ പാസ് സ്വീകരിച്ച മെസി  രണ്ട് പ്രതിരോധ നിരക്കാരെ മറികടന്ന് റയലിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.  ക്ലാസിക്കോയില്‍ സ്വന്തം ഗ്രൗണ്ടിലെ അഞ്ചു മത്സരങ്ങളില്‍ മെസിയുടെ ആദ്യ ഗോളാണിത്. ഇതോടെ ന്യൂകാമ്പില്‍ മെസിക്ക് ക്ലാസിക്കോയില്‍ ഏഴു ഗോളുകളായി. ഇത് റെക്കോഡാണ്. 

ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ബാഴ്‌സ ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചു. പക്ഷെ സുവാരസിന്റെ ഗോള്‍ റഫറി ഓഫ് സൈഡാണെന്ന് വിധിച്ചു. ഏഴുപത്തിരണ്ടാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയ്‌ക്കൊപ്പം എത്തി. ഗാരെത്ത് ബെയ്‌ലാണ് നിര്‍ണായകഗോളില്‍ റയലിന് സമനില നേടിക്കൊടുത്തത്. പിന്നീട് മാഴ്‌സെലോയെ ബാഴ്‌സയുടെ ജോര്‍ഡി അല്‍ബയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. അവസാന നിമിഷങ്ങളില്‍ മെസി രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ മത്സരം സമനിലയായി

ലാ ലിഗ കിരീടമുറപ്പാക്കിയ ബാഴ്‌സയ്ക്ക് ഈ സമനിലയോടെ 35 മത്സരങ്ങളില്‍ 87 പോയിന്റായി. 36 മത്സരങ്ങളില്‍ 75 പോയിന്റു നേടിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത് . അതേസമയം റയല്‍ മാഡ്രിഡ് 35 മത്സരങ്ങളില്‍ 72 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.