ഇടതിൻ്റെ ദളിത് വേട്ടയ്ക്കെതിരെ ജീവൻ രക്ഷാ മാർച്ചിന് ഉജ്ജ്വല തുടക്കം

Tuesday 8 May 2018 4:05 am IST

അഗളി: ദളിതരെ വേട്ടയാടുന്ന   ഇടതുസര്‍ക്കാരിനും  പോലീസിനും എതിരെ അട്ടപ്പാടിയില്‍ നിന്ന് വരാപ്പുഴയിലേക്ക് ബിജെപി സംഘടിപ്പിച്ച ജീവന്‍ രക്ഷാ മാര്‍ച്ചിന് അഗളിയില്‍ ഉജ്ജ്വല തുടക്കം. മധുവിനും ശ്രീജിത്തിനും മാത്രമല്ല, നാട്ടിലെ മുഴുവന്‍ സാധാരണക്കാര്‍ക്കും നീതികിട്ടും വരെ പോരാട്ടം തുടരുമെന്ന  പ്രഖ്യാപനം കൂടിയായി ഉദ്ഘാടനച്ചടങ്ങ്.

 അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട വനവാസി യുവാവ് മധുവിന്റെ ചിണ്ടക്കി ഊരിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ മധുവിന്റെ മാതൃസഹോദരി അംബിക, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാക്യാപ്റ്റനുമായ എ.എന്‍. രാധാകൃഷ്ണന് പതാക കൈമാറി. 

 ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന്റെ സാന്നിധ്യത്തിലാണ് പതാക കൈമാറിയത്. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍,മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍.നേതാക്കളായ ബി.മനോജ്, പി.രാജിവ്, പി.സത്യഭാമ, ടി.ശങ്കരന്‍കുട്ടി,ഇ.പി.നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.

 മണ്ണാര്‍ക്കാട്ടെ  പൊതു സമ്മേളനത്തില്‍ സി.കെ പദ്മനാഭന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  കോങ്ങാട്,വാണിയംകുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മാര്‍ച്ച് കൂറ്റനാട്ട് സമാപിച്ചു. മാര്‍ച്ച് ഇന്ന് വരാപ്പുഴയില്‍, പോലീസ് മര്‍ദ്ദിച്ചുകൊന്ന ശ്രീജിത്തിന്റെ വീടിനു സമീപം സമാപിക്കും.

മധുവിന്റെ അമ്മയ്ക്ക് സിപിഎം ഭീഷണി

അഗളി: ബിജെപിയുടെ നേതൃത്വത്തിലുള്ള  ജീവന്‍ രക്ഷാമാര്‍ച്ചിന് പതാക കൈമാറാന്‍ തയ്യാറായ,  അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട വനവാസിയുവാവ് മധുവിന്റെ അമ്മ മല്ലിക്ക് സിപിഎം  ഭീഷണി. പരിപാടിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ഇല്ലെങ്കില്‍ ഭവിഷ്യത്തുണ്ടാകുമെന്നുമായിരുന്നു   ഭീഷണി.  പതാക കൈമാറിയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായമൊന്നും ലഭിക്കില്ലെന്നും ഭീഷണിമുഴക്കിയെന്ന് ഊരുനിവാസികള്‍ പറഞ്ഞു.

  ഇതേത്തുടര്‍ന്ന്  മല്ലിയും മധുവിന്റെ സഹോദരങ്ങളും ഊരില്‍ നിന്ന് പുറത്തുപോയി.  ആരെങ്കിലും ചോദിച്ചാല്‍ ആശുപത്രിയില്‍ പോയെന്ന് പറഞ്ഞാല്‍ മതിയെന്നാണ്  നേതാക്കള്‍ ഉപദേശിച്ചത്.  മല്ലിയെ മാത്രമല്ല, ജീവന്‍ രക്ഷാമാര്‍ച്ചുമായി സഹകരിക്കാന്‍ തയ്യാറായ പല വനവാസികുടുംബങ്ങളെയും വിരട്ടി മാറ്റിനിര്‍ത്തി. പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന ഭീഷണിക്കുമുന്നില്‍ ചിലര്‍ വിരണ്ടുപോയി. അതേസമയം മധുവിന്റെ മാതൃസഹോദരി അംബിക ധൈര്യപൂര്‍വം മുന്നോട്ടു വന്ന് ജാഥാക്യാപ്റ്റന് പതാക കൈമാറി. വനവാസികള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി ആര് സമരം നടത്തിയാലും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.