പൊടിക്കാറ്റില്‍ വലഞ്ഞ് ദല്‍ഹി

Tuesday 8 May 2018 10:29 am IST
രൂക്ഷമായ പൊടിക്കാറ്റില്‍ വലഞ്ഞ് കേന്ദ്ര തലസ്ഥാനം. ഇന്നലെ അര്‍ധ രാത്രിയോടെ ദല്‍ഹിയിലും ഗുര്‍ഗാവിലും ആഞ്ഞടിച്ച കാറ്റില്‍ വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായതായണ് റിപ്പോര്‍ട്ട്.

ന്യൂദല്‍ഹി: രൂക്ഷമായ പൊടിക്കാറ്റില്‍ വലഞ്ഞ് കേന്ദ്ര തലസ്ഥാനം. ഇന്നലെ അര്‍ധ രാത്രിയോടെ ദല്‍ഹിയിലും ഗുര്‍ഗാവിലും ആഞ്ഞടിച്ച കാറ്റില്‍ വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായതായണ് റിപ്പോര്‍ട്ട്. 

പൊടിക്കാറ്റിനെ തുടര്‍ന്ന്  ദല്‍ഹിയിലെ ഷെയ്ക് സരായി മേഖലയില്‍ പിഎസ്ആര്‍ഐ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ട ഒരു ആംബുലന്‍സിനു തീപിടിച്ച് രണ്ടു പേര്‍ മരിച്ചു.  ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സില്‍ ഉറങ്ങുകയായിരുന്ന രാഹുല്‍, ഗുഡ്ഡു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയില്‍ പൊടിക്കാറ്റ് ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദല്‍ഹിയിലെ സര്‍ക്കാര്‍ ഒാഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 

കേരളത്തിലും തമിഴ്‌നാട്ടിലും ഇടിമിന്നലിന്റെ ജാഗ്രതാനിര്‍ദ്ദേശത്തിനൊപ്പം രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്തമഴയ്ക്കും പൊടിക്കാറ്റിനുമുള്ള ജാഗ്രതാനിര്‍ദ്ദേശം കൂടി നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റിനു പിന്നാലെ ചണ്ഡിഗഡില്‍ കനത്തമഴയും രേഖപ്പെടുത്തി. ഉത്തരാഖണ്ഡിലെ ചമോലിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. ഇവിടെ രണ്ടു തീര്‍ഥാടകര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റില്‍ അഞ്ചു സംസ്ഥാനങ്ങളിലായി നൂറ്റിയിരുപതോളം പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.