കോട്ടയം: ദീപാവലി ആഘോഷം അട്ടിമറിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലും, സിബിഎസ്ഇ വിഭാഗത്തിലും ഗുഢാലോചന. 13 ന് നടക്കുന്ന ദീപാവലി ആഘോഷ ദിവസം തന്നെ കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയും, സിബിഎസ്ഇ സ്കൂളുകളുടെ സംസ്ഥാന കലോത്സവവും നടത്താനുള്ള തീരുമാനം ഇതിെന്റ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള 12,13,14 തീയതികളില്‍ പാലായിലും, സിബിഎസ്ഇ സംസ്ഥാന കലോത്സവം 11,12,13 തീയതികളില്‍ പാലാ ചൂണ്ടച്ചേരി സാന്‍ജോസ് സീനിയര്‍ സെക്കണ്ടറി സ്കൂളിലുമാണ് നടക്കുന്നത്.
ഹിന്ദു വിഭാഗങ്ങളുമായി ബന്ധമുള്ള നിരവധി സ്കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷനുണ്ട്. ഇത്തരം സ്കൂളുകളിലൊക്കെത്തന്നെ ദീപാവലിയുമായി ബന്ധപ്പെട്ട പരിപാടികളും നടക്കാറുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടും പാലായിലെ ഒരു ബിഷപ്പിന്റെ സൗകര്യം നോക്കിയാണ് സംഘാടകസമിതി ദീപാവലി ദിവസം ഉള്‍പ്പെടെ സംസ്ഥാന കലോത്സവത്തിനായി തീരുമാനിച്ചെന്നാണ് അറിയുന്നത്. സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളുകളില്‍ ബഹുഭൂരിപക്ഷത്തിലും ക്രിസ്ത്യന്‍ സഭകള്‍ക്കുള്ള സ്വാധീനവും ഇത്തരം തീരുമാനത്തിന് പിന്നിലുള്ളതായും ആരോപണം ഉയരുന്നുണ്ട്.
13 ന് ദീപാവലി ആഘോഷമാണെന്ന് അറിഞ്ഞിട്ടും സ്കൂള്‍ കായികമേള അന്നുതന്നെ നടത്തണമെന്ന കോട്ടയം ഡിഡിയുടെ നിര്‍ബന്ധബുദ്ധിയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 7,8,9 തീയതികളില്‍ നടത്താനിരുന്ന സ്കൂള്‍ കായികമേളയാണ് ചില സാങ്കേതികത്വം പറഞ്ഞ് 12,13,14 തീയിതികളിലേക്ക് മാറ്റിയത്. സിബിഎസ്ഇ യുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നടപടികളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: