ഇനി ട്രംപ് വരും, ആ പഴയ 'ഭ്രാന്ത'നെ കാണാന്‍

Wednesday 9 May 2018 2:22 am IST
ദക്ഷിണകൊറിയയിലെ സൈനിക സാന്നിദ്ധ്യം കുറയ്ക്കാനുള്ള സാധ്യത ആരായാന്‍ പെന്റ്ഗണോടു ട്രംപ് പറഞ്ഞതായി വാര്‍ത്തയുണ്ട്. ട്രംപും ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണും അതു നിഷേധിച്ചിട്ടുമുണ്ട്. അതേ സമയം, നോര്‍ത്ത് കൊറിയയില്‍ തടവിലുള്ള കൊറിയന്‍ വംശജരായ മൂന്ന് അമേരിക്കക്കാരുടെ മോചനം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ആളും അരങ്ങും ഒരുങ്ങി. ഇനി കണ്ടുമുട്ടലിന്റെ മുഹൂര്‍ത്തം കുറിക്കണം. കീരിയും പാമ്പും പോലെ നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാണുന്നത് സിംഗപ്പൂരിലാണെന്ന് ഏതാണ്ടു വ്യക്തമായി. ഔദ്യോഗികമായി ഇരുകൂട്ടരും അക്കാര്യം പറഞ്ഞിട്ടില്ലെന്നു മാത്രം. കാര്യങ്ങള്‍ തീരുമാനത്തിലെത്തിയെന്നു ട്രംപ് തന്നെ പറഞ്ഞു. അതിനപ്പുറമൊന്നും പറയാറായിട്ടില്ലെന്നും പറഞ്ഞു. വൈകാതെ നടക്കും എന്നു മാത്രം പറഞ്ഞു നിര്‍ത്തി. ജൂണ്‍ മധ്യത്തോടെയായിരിക്കും സംഭവം എന്നാണു സൂചന. ഈ വലിയ പൂരത്തിനു മുന്‍പുള്ള ചെറുപൂരമെന്ന നിലയില്‍ ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കണ്ടുമുട്ടുന്നുണ്ട്. അതു വൈറ്റ് ഹൗസില്‍വച്ചു തന്നെയാവും. ഈ മാസം 23ന് എന്നാണു സൂചന. കൊറിയകള്‍ തമ്മില്‍ നടന്ന ഉച്ചകോടിയുടെ തുടര്‍ച്ചയായിട്ടാണല്ലോ ഈ ട്രംപ് - ഉന്‍ മുഖാമുഖം. ആ കൊറിയന്‍ കൂടിക്കാഴ്ച നടന്ന സ്ഥലം തന്നെ ഈ വലിയ ഉച്ചകോടിക്കും ടംപ് നിര്‍ദേശിച്ചതാണ്. ഇരുകൊറിയകള്‍ക്കും മധ്യേയുള്ള മിലിട്ടറി രഹിത മേഖലയിലാണ് അതു നടന്നത്. ആ പരിഗണന പക്ഷേ, ഫലപ്രാപ്തിയിലെത്തിയില്ല. മംഗോളിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളും പരിഗണനയില്‍ വന്നിരുന്നു. 

അമേരിക്കവരെ തിരയടിച്ച് എത്തിയ കൊറിയ - കൊറിയ കൂടിക്കാഴ്ചയുടെ അലകള്‍ ഇരു കൊറിയകളിലും ഇളംകാറ്റായി അടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹോട്ട് ലൈന്‍ ടെലിഫോണിലൂടെ തുടങ്ങിയ സ്‌നേഹം പിന്നെ സമയത്തിലൂടെ വളര്‍ന്നു. ഉത്തര കൊറിയയിലെ ക്‌ളോക്കുകള്‍ അരമണിക്കൂര്‍ മുന്നോട്ടാക്കി ദക്ഷിണകൊറിയന്‍ സമയത്തിന് ഒപ്പമാക്കി. അത്തരം ചെറിയ ചെറിയ സൗഹൃദങ്ങള്‍ക്കിടയില്‍ വമ്പന്‍ തീരുമാനങ്ങളും വന്നു. ലോകത്തെ മുഴുവന്‍ വിരട്ടിയ തങ്ങളുടെ ന്യൂക്‌ളിയര്‍ പരീക്ഷണ ശാല ഈ മാസം പൂട്ടാമെന്ന് ഉത്തര കൊറിയ സമ്മതിച്ചു. സത്യമാണോ എന്നു കണ്ടു സാക്ഷ്യപ്പെടുത്തിക്കൊള്ളാന്‍ അമേരിക്കന്‍ വിദഗ്ധര്‍ക്ക് അനുവാദവും കൊടുത്തു. ചെറുപൂരം കേമമായില്ലേ?  

ഔദ്യോഗിക സമാധാന കരാര്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണു കൊറിയന്‍ ഉച്ചകോടി അന്നു പിരിഞ്ഞത്. ഭവി തങ്ങള്‍ സ്വയം തീരുമാനിക്കുന്ന സംവിധാനമായിരിക്കും വരാന്‍ പോകുന്നത് എന്ന സംയുക്ത പ്രസ്താവനയില്‍ പറയുകയും ചെയ്തു. അതിനര്‍ഥം ചൈനയുടേയും  അമേരിക്കയുടേയും ഇടപെടല്‍ ഉണ്ടാവില്ലെന്ന് അര്‍ഥം. പക്ഷേ, സമാധാന ചര്‍ച്ചകളില്‍ അവര്‍ ഇരുവരുമുണ്ടാകും. കാരണം 2953ലെ താത്ക്കാലിക യുദ്ധവിരാമ കരാറില്‍ ആ രണ്ടു രാജ്യങ്ങളും ഒപ്പിട്ടിരുന്നതാണ്. ഒരു വര്‍ഷം നീളുന്ന സമാധന നടപടികള്‍ക്ക് ഈ രണ്ടു രാജ്യങ്ങളും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ദക്ഷിണകൊറിയയില്‍ നിന്ന് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്ന നടപടിയായിരിക്കും അതില്‍ അവസാനത്തേത്. 

യുഎസ് - ഉത്തരകൊറിയ ചര്‍ച്ചകളിലേയ്ക്കുള്ള നീക്കത്തില്‍ ഇടയ്ക്ക് അല്‍പം ചില കല്ലുകടികള്‍ ഉണ്ടായിരുന്നു. താന്‍ ചൈനയ്ക്കുമേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചയ്ക്ക് ഉത്തരകൊറിയയെ പ്രേരിപ്പിച്ചതെന്നു ട്രംപ് പറഞ്ഞതു കിമ്മിനു സുഖിച്ചില്ല. ഒന്നും മുന്‍കൂട്ടി നിശ്ചയിക്കേണ്ട. എല്ലാം ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പറയാമെന്നു കിം തിരിച്ചടിച്ചു. നല്ല അന്തരീക്ഷം അമേരിക്ക നശിപ്പിക്കുകയാണെന്നു പരാതിപ്പെടുകയും ചെയ്തു. പക്ഷേ, വാക്‌പ്പോര് കത്തിക്കയറിയില്ല. മഞ്ഞുരുകി. 

ട്രംപ് ഏതായാലും ഇപ്പോള്‍ നല്ല ഉല്‍സാഹത്തിലാണ്. അതു വാക്കുകളിലും പ്രകടം. 'നന്മയിലേയ്ക്കുള്ള പോക്കാണിത്. വളരെ ആവേശഭരിതം. നല്ലനല്ല കാര്യങ്ങള്‍ക്കായി കാത്തിരിക്കാം' എന്നാണ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. മുഴുഭ്രാന്തനെന്നു മുമ്പ് വിളിച്ചു പരിഹസിച്ചയാളെക്കുറിച്ചാണു ട്രംപ് പറയുന്നത്. സ്വന്തം ജനങ്ങളെ കൊല്ലാനും പട്ടിണിക്കിടാനും മടിക്കാത്ത ഭ്രാന്തന്‍ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്.

കിമ്മുമായുള്ള ചര്‍ച്ചയ്ക്കു മുന്‍പ് അമേരിക്ക ദക്ഷിണ കൊറിയയില്‍ നിന്നു പട്ടാളത്തെ പിന്‍വലിക്കുമോ എന്നതാണ് നിലവിലെ വലിയ ചോദ്യം. അതേക്കുറിച്ചു വ്യക്തമായ പദ്ധതിയൊന്നുമുണ്ടെന്നു പറയാന്‍ വൈറ്റ് ഹൗസ് തയ്യാറില്ല. എന്നാല്‍, ദക്ഷിണകൊറിയയിലെ സൈനിക സാന്നിദ്ധ്യം കുറയ്ക്കാനുള്ള സാധ്യത ആരായാന്‍ പെന്റഗണോടു ട്രംപ് പറഞ്ഞതായി വാര്‍ത്തയുണ്ട്. ട്രംപും ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണും അതു നിഷേധിച്ചിട്ടുമുണ്ട്. അതേസമയം, നോര്‍ത്ത് കൊറിയയില്‍ തടവിലുള്ള കൊറിയന്‍ വംശജരായ മൂന്ന് അമേരിക്കക്കാരുടെ മോചനം സംബന്ധിച്ചകാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.