കുട്ടികള്‍ക്കെതിരായ അതിക്രമം: കേസ് കൂടുന്നു; ശിക്ഷ കുറയുന്നു

Wednesday 9 May 2018 2:28 am IST
കഴിഞ്ഞ വര്‍ഷം മാത്രം 1101 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. 26 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി. ബാലികയെ വേശ്യാവൃത്തിക്ക് വിറ്റ കേസും ഉണ്ടായി. നാല്‍പതിനായിരത്തിലധികം പരാതികളാണ് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് കഴിഞ്ഞവര്‍ഷം ലഭിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വര്‍ധിക്കുന്നതായാണ് പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദിവസം കുറഞ്ഞത് മൂന്ന് ലൈംഗിക പീഡനക്കേസുകളെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന ലൈംഗിക പീഡനക്കേസുകളില്‍ നാലിലൊന്നും 16-18 വയസ്സുകാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 1101 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. 26 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി. ബാലികയെ വേശ്യാവൃത്തിക്ക് വിറ്റ കേസും ഉണ്ടായി. നാല്‍പതിനായിരത്തിലധികം പരാതികളാണ് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് കഴിഞ്ഞവര്‍ഷം ലഭിച്ചത്. ഇതില്‍ മൂന്നിലൊന്ന് പരാതികള്‍ ഗുരുതര സ്വഭാവമുള്ളവയുമാണ്.  യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയായിരിക്കുമെന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നത്. പരാതിയായോ നേരിട്ടോ അല്ലാതെയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മാത്രമാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. കുട്ടികള്‍ പേടികൊണ്ട് മറച്ചുവെക്കുന്നതും അഭിമാനപ്രശ്‌നംമൂലവും മറ്റും രക്ഷിതാക്കള്‍ പുറത്തുപറയാത്തതുമായവ കേസുകള്‍ നിരവധിയാണ്.

കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്  ആശങ്കയോടെ പരിശോധിക്കേണ്ട വിഷയമാണെങ്കിലും നിരാശാജനകമായ  കാര്യം ബാലപീഡകര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന പോക്‌സോ കേസുകളിലെ പ്രതികളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്.  ലൈംഗികപീഡന കേസുകളുടെ കാര്യത്തിലാണെങ്കില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്  ശിക്ഷ. സാധാരണ കുറ്റവാളികളില്‍ 75 ശതമാനം പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്ന സംസ്ഥാനത്താണിത്. നിയമസംവിധാനങ്ങളിലെ അപര്യാപ്തതയാണ് പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നത്്

2016 ല്‍ 2122 പീഡന കേസുകളാണ്  പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്്. കോടതിയില്‍ എത്തിയത് 387 എണ്ണം മാത്രം. 34 കേസില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. 5800 പോക്‌സോ കേസുകളാണ് വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പീഡനത്തിനിരയായ കുട്ടികള്‍ നീതികിട്ടാനായി 2039 വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബാലാവകാശ പ്രവര്‍ത്തകനും നോബല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്ഥി ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.