ഗുജറാത്ത് മോഡല്‍ വികസനം വേണം; മാര്‍ അത്തനാസിയോസ്

Wednesday 9 May 2018 2:34 am IST

കൊച്ചി: ഗുജറാത്ത് മോഡലിനെയും കേന്ദ്രത്തിലെ മോദി ഭരണത്തെയും പ്രശംസിച്ച്  ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍  തോമസ് മാര്‍ അത്തനാസിയോസ്. കേന്ദ്ര പദ്ധതികള്‍ കേരളം നടപ്പാക്കാന്‍ മടിക്കുകയാണെന്നും  മെത്രാപ്പൊലിത്ത പറഞ്ഞു.

ഗുജറാത്ത് കേരളത്തിനേക്കാള്‍ 30 ശതമാനം പിന്നിലായിരുന്നു. ഇന്ന് ഗുജറാത്ത് കേരളത്തേക്കാള്‍ ഏറെ മുന്നിലാണ്. ഗുജറാത്ത് മോഡല്‍ ഇവിടെ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്, ജനം ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അത്തനാസിയോസ് പറഞ്ഞു. 

ഗുജറാത്ത് സര്‍ക്കാരിന് സ്‌കൂളുകള്‍ക്ക്  ഒരു ധനസഹായ  പദ്ധതിയുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളില്‍ അത്തരത്തില്‍ ഒരു പദ്ധതിയുണ്ട്? അദ്ദേഹം ചോദിച്ചു.

അടുത്ത ദിവസം ഗുജറാത്തില്‍ പോയിരുന്നു. അഹമ്മദാബാദില്‍ എത്രമാത്രം ഫ്ളൈ ഓവറുകള്‍ പണിഞ്ഞ് അവിടത്തെ ട്രാഫിക് ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്നു. 

ഇക്കഴിഞ്ഞ 21-ാം തീയതി ഗുജറാത്തിലെ സ്‌കൂളുകളില്‍ സയന്‍സ് ക്ലാസുകള്‍ തുടങ്ങി. ജൂണ്‍ മാസം 22 മുതല്‍ മറ്റു ക്ലാസുകള്‍ തുടങ്ങും. ഇവിടെ അഞ്ചു മാസം കഴിഞ്ഞാലും ക്ലാസുകള്‍ തുടങ്ങില്ല. ആ വിധത്തിലൊക്കെ നാം ഏറെ പുറകോട്ടുപോയെന്ന് ഉറക്കെ ഞാന്‍ പറയുന്നു. ഇക്കാര്യങ്ങളൊക്കെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ പോയി അദ്ദേഹത്തോടു നേരിട്ടു പറഞ്ഞിട്ടുണ്ട്.

പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. എത്രയോ പാവപ്പെട്ടവര്‍ക്ക് സഹായം കിട്ടി. പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ അതേപടി നടപ്പിലാക്കില്ല. കാരണം ഇവിടെ ഭരിക്കുന്നത് വേറൊരു പ്രസ്ഥാനമാണ്.  അതുകൊണ്ട് ഫലപ്രദമായി ഇവിടെ നടക്കുമോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.