കൊച്ചി: തിരുവനന്തപുരത്ത് ഡിസംബര്‍ ഏഴ് മുതല്‍ 14 വരെ നടക്കുന്ന 17-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുളള ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു. ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനായാണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. പാസുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖകളിലൂടെയാണ് വിതരണം ചെയ്യുക. ഡെലിഗേറ്റ് പാസുകള്‍ 7000 ആയി പരിമിതപ്പെടുത്തിയിട്ടുളളതിനാല് ആദ്യം രജിസ്റ്റര്‍ ചെയ്ത് പണമടയ്ക്കുവര്ക്കായിരിക്കും മുന്‍ഗണന. www.iffk.in സൈറ്റിലൂടെയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. പാസുകള്‍ എസ്.ബി.ടി യുടെ ഏത് ബ്രാഞ്ചില്‍ നിന്ന് വാങ്ങുമെന്നത് രജിസ്ട്രേഷനില്‍ രേഖപ്പെടുത്തണം. ഡലിഗേറ്റ് ഫീ 400 രൂപയും വിദ്യാര്‍ഥികള്‍ക്ക് 200 രൂപയും ആയിരിക്കും. നെറ്റ് ബാങ്കിങ്ങിലൂടെയും ഡബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഓണ്‍ലൈനായി പണമടയ്ക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുത്തിട്ടുളള എസ്.ബി.ടി ശാഖകളിലൂടെയും പണമടയ്ക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ചാണ് ബാങ്കില്‍ പണമടയ്ക്കേണ്ടത്. നവംബര്‍ 26 മുതല്‍ 30 വരെ രജിസ്ട്രേഷന് ചെയ്ത ബ്രാഞ്ചില്‍ നിന്നും പാസുകള്‍ കൈപ്പറ്റാന്‍ കഴിയുംവിധമുളള സൗകര്യങ്ങളാണ് അക്കാദമി ഒരുക്കിയിട്ടുളളത്. നവംബര്‍ 20-ന് മുമ്പ് പണമടച്ചവര്‍ക്ക് മാത്രമേ പാസുകള്‍ ലഭിക്കുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: