മുംബൈ സ്‌ഫോടനക്കേസിലെ പ്രതി പിടിയില്‍

Wednesday 9 May 2018 2:43 am IST

മുംബൈ : മുംബൈ ഗഡ്‌കോപ്പര്‍ ബസ് സ്‌ഫോടനക്കേസിലെ പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയായ സിമിയുമായി ബന്ധമുള്ള ഇര്‍ഫാന്‍ അഹമ്മദ് ഗുലാം അഹമ്മദ് ഖുറേഷിയെയാണ് (47) നെയാണ് മുംബൈ പോലീസ് അറസ്റ്റു ചെയ്തത്. 2002 ഡിസംബര്‍ 2 ന് ഗഡ്‌കോപ്പറില്‍ ബ്രിഹാന്‍മുംബൈ വൈദ്യുതി വിതരണ കേന്ദ്രത്തിലും ബസിലും നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈയിലെ പ്രത്യേക തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കിയ ഖുറേഷിയെ ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്തു.

  സ്‌ഫോടനം നടക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് സെപ്തംബര്‍ 30 ന് ഖുറേഷി മസ്‌ക്കറ്റിലേക്ക് കടന്നിരുന്നു. സിമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അധ്യാപകനായ ഖുറേഷി സ്ഥാപനമാരംഭിച്ചിരുന്നു. സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനം പൂട്ടി. ഖുറേഷി വിദേശത്ത് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

 2006 ലെ ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പ്രതിയായ സയ്ദ് ജബ്ദ്ദീന്‍ ജാഖിയുദ്ദീന്‍ അലിയെ തേടി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം ഔറംഗബാദിലെത്തിയിരുന്നു. സംഘം നടത്തിയ അന്വേഷണത്തിനിടയിലാണ് ഖുറേഷിയെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയത്. പ്രതിയെ മുംബൈ പോലീസിന് കൈമാറുകയായിരുന്നു. 29 പ്രതികളാണ് കേസിലുള്ളത്. ഖുറേഷിയടക്കം 20 പേര്‍ മാത്രമാണ് പിടിയിലായത്. ഇതില്‍ 17 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.