ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കരുണ്‍ നായര്‍ തിരിച്ചെത്തി

Wednesday 9 May 2018 2:55 am IST
പേസര്‍ ഷാര്‍ദുള്‍ താക്കുറിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് താക്കുറിന് അവസരം ലഭിച്ചത്. നേരത്തെ ടെസ്റ്റ് ടീമുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. താക്കൂര്‍ ഏഴ് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

ബെംഗളൂരു: കര്‍ണാടക മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. അജിങ്ക്യ രഹാനെയാണ് ക്യാപ്റ്റന്‍. അമ്പാട്ടി റായ്ഡുവിനെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് മടക്കി വിളിച്ചു. അതേസമയം രഹാനയെയും അക്ഷര്‍ പട്ടേലിനെയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പകരമാണ് കരുണ്‍ നായരെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയത്. പരിക്കേറ്റ് കേദാര്‍ ജാദവിന് പകരമാണ് അമ്പാട്ടി റായ്ഡുവിന് ഏകദിന ടീമില്‍ സ്ഥാനം നല്‍കിയത്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ജൂണ്‍ 14 ന് ബെംഗളൂരുവില്‍ ആരംഭിക്കും. അടുത്തമാസം കൗണ്ടില്‍ കളിക്കാന്‍ കോഹ്‌ലി ഇംഗ്ലണ്ടിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് രഹാനയെ ടെസ്റ്റ് ടീം നായകനാക്കിയത്. അതേസമയം അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളില്‍ കോഹ്‌ലി ടീമിനെ നയിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കരുണ്‍ നായര്‍. 2016 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. പരിക്കേറ്റ രഹാനെക്ക് പകരം ടീമിലെത്തിയ കരുണ്‍ നായര്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നു.

പേസര്‍ ഷാര്‍ദുള്‍ താക്കുറിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് താക്കുറിന് അവസരം ലഭിച്ചത്. നേരത്തെ ടെസ്റ്റ് ടീമുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. താക്കൂര്‍ ഏഴ് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

കേദാര്‍ ജാദവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അമ്പാട്ടി റായ്ഡുവിന് ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചത്. ഐപിഎല്ലിലെ ടോപ്പ് സ്‌കോററാണ് റായ്ഡു.ഇതുവരെ പത്ത് ഇന്നിങ്ങ്‌സിലായി 423 റണ്‍സ് നേടിയിട്ടുണ്ട്. 2016 ജൂണിലാണ് റായ്ഡു അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. പഞ്ചാബിന്റെ കെ.എല്‍. രാഹുലിനെയും ഏകദിന ടീമിലേക്ക് മടക്കി വിളിച്ചു. ഐപിഎല്ലില്‍ 376 റണ്‍സ് നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ നിദഹാസ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീട വിജയം സമ്മാനിച്ച ദിനേശ് കാര്‍ത്തിക്കും ടീമില്‍ തിരിച്ചെത്തി.

ഇന്ത്യ, ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ ( ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ, ഷാര്‍ദുല്‍ താക്കുര്‍.

ട്വന്റി 20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡ്യ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്ക്, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ് കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.

ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), 

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായ്ഡു, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്ക്, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.