വിജയം കൈവിട്ടു: കോഹ്‌ലി

Wednesday 9 May 2018 3:27 am IST

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇതുവരെയുളള മത്സരങ്ങളില്‍ ടീം വിജയം കൈവിട്ട് കളഞ്ഞെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പത്താം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. അതേസമയം സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് ഉറപ്പാക്കി.

രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ചു റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോറ്റത്. അവരുടെ ഏഴാം തോല്‍വിയാണിത്. പത്ത് മത്സരങ്ങളില്‍ അവര്‍ക്ക് ആറ് പോയിന്റാണുള്ളത്. അവസാന നാലു മത്സരങ്ങളിലും വിജയിച്ചാലും പ്ലേ ഓഫില്‍ കടക്കാനാകില്ല.

ശകതമായി ചെറുത്തുനില്‍ക്കാതെ ബാറ്റ്‌സ്മാന്മാര്‍ വിജയം വലിച്ചെറിയുകയായിരുന്നെന്ന് കോഹ്‌ലി പറഞ്ഞു.

കഴിവിനൊത്ത് ഉയരാന്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. പൊരുതാതെ ബാറ്റ് താഴ്ത്തി. തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ഞങ്ങളെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കോഹ്‌ലി പുകഴ്ത്തി. കടുത്ത സമ്മര്‍ദ്ദത്തിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്ന ഒരുപറ്റം യുവാക്കള്‍ അവര്‍ക്കുണ്ട്. അവര്‍ക്ക് അവരുടെ കരുത്തും പരിമിതികളും മനസിലാക്കാനാകും. അതാണ് അവര്‍ വിജയം നേടുന്നത്. അവരുടെ ബൗളിങും ശക്തമാണെന്ന് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 146 റണ്‍സ് മറികടക്കാന്‍ കളിക്കളത്തിലിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് നിശ്ചിത ഓവറില്‍ 141 റണ്‍സേ നേടാനായുള്ളൂ. 

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ അര്‍ദ്ധസെഞ്ചുറി (56) റണ്‍സാണ് സണ്‍റൈസേഴ്‌സിന് വിജയമൊരുക്കിയത്. പത്ത് മത്സരങ്ങളില്‍ അവരുടെ എട്ടാം വിജയമാണിത് ഇതോടെ 16 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.