തൊഴില്‍ നൈപുണ്യം 66 വിദ്യാലയങ്ങളില്‍ മാത്രം; കേന്ദ്രപദ്ധതി അട്ടിമറിക്കുന്നു

Wednesday 9 May 2018 3:06 am IST

തിരുവനന്തപുരം: പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ പഠിച്ചിരിക്കണം എന്ന ആശയത്തോടെ  കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴില്‍ നൈപുണ്യ പദ്ധതി(എന്‍എസ്‌ക്യുഎഫ്) അട്ടിമറിക്കുന്നു.  

66 വിദ്യാലയങ്ങളിലായി 147 ബാച്ചുകള്‍ മാത്രം  മതിയെന്നാണ്  മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനം. അഞ്ചുവര്‍ഷമായി നടപ്പാക്കാത്ത പദ്ധതി 2018 ഡിസംബര്‍ 27നകം നടപ്പിലാക്കണം എന്ന കേന്ദ്ര തൊഴില്‍ നൈപുണ്യ മന്ത്രാലയത്തിന്റെ അന്ത്യ ശാസനത്തെ തുടര്‍ന്നാണ് പദ്ധതി 66 വിദ്യാലയങ്ങളില്‍ മാത്രമാക്കി ഒതുക്കിയത്.  

കേന്ദ്രസര്‍ക്കാരാണ് പദ്ധതിക്കു വേണ്ട തുക പൂര്‍ണ്ണമായും നല്‍കുന്നത്. സംസ്ഥാനത്തെ  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം.  

നാലു തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന പദ്ധതിയില്‍ ഒന്നാം ഘട്ടം തുടങ്ങേണ്ടത് ഒമ്പതാം ക്ലാസ്സ് മുതലാണ്. സംസ്ഥാനത്ത് ഇതും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണമാണ് നല്‍കിയത്. തുടര്‍ച്ചയെന്നോണം പ്ലസ് വണ്‍ പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കണം.  സംസ്ഥാനത്താകെയുള്ള 389 വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ തെരഞ്ഞെടുത്ത 66 വിദ്യാലയങ്ങളില്‍ മാത്രം പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ മാത്രം പദ്ധതി നടപ്പിലാക്കുമ്പോള്‍  കുട്ടികളെ കിട്ടാതെ മറ്റ് വിദ്യാലയങ്ങളിലെ വിഎച്ച്എസ്ഇ കോഴ്‌സുകള്‍ നിര്‍ത്തലാക്കേണ്ടതായിവരും. നൂറ് കണക്കിന് അധ്യാപകരുടെ തൊഴിലും ഇല്ലതാകും. 

 ഈ മേഖലയിലെ പുതിയ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകും. നിലവില്‍ തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ മതിയായ അധ്യാപകര്‍ ഇല്ല. എല്ലാ വിഎച്ച്എസ്ഇ വിദ്യാലയങ്ങളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും പദ്ധതി നടപ്പിലാക്കിയാല്‍ തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിനായി  ആയിരത്തോളം അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിക്കാനാകും. ഇവര്‍ക്കുള്ള ശമ്പളത്തിന്റെ തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. കോഴ്‌സുകള്‍ തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയാല്‍ മതി.

അന്താരാഷ്ട്ര തൊഴില്‍ നിയമമനുസരിച്ചാണ് സ്‌കൂള്‍ തലം മുതല്‍ നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. നാലുഘട്ടത്തിലേയും കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോള്‍ എഞ്ചിനീയറിംഗ് പഠനത്തിന് തുല്യമാകും. 

എഞ്ചിനീയറിംഗ് പഠനത്തിനുള്ള ഭീമമായ തുക ഒഴിവാക്കാനാകുന്നതോടൊപ്പം പഠിച്ചിറങ്ങിയാല്‍ ജോലി ലഭിക്കുകയോ അല്ലെങ്കില്‍ സ്വന്തമായി വ്യവസായങ്ങള്‍ തുടങ്ങുന്നതിനോ സാധിക്കും. മറ്റ് സംസ്ഥാനങ്ങളെല്ലാം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍  ഫണ്ടും നേടിയെടുത്തു. 

എല്ലാ വിദ്യാലയങ്ങളിലും  കോഴ്‌സുകള്‍ തുടങ്ങണമെന്ന് എന്‍ടിയു 

തിരുവനന്തപുരം: എല്ല വിദ്യാലയങ്ങളിലും തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ തുടങ്ങണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് ഗോപകുമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം  നല്‍കുന്നതോടെ നല്ലൊരു തൊഴില്‍ സംസ്‌കാരവും വളര്‍ത്തിയെടുക്കാന്‍ സാധിക്കും. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം വിദ്യാര്‍ത്ഥികളുടെ നല്ലൊരു ഭാവി നഷ്ടപ്പെടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.