നാസയുടെ പേരില്‍ 'റെയ്‌സ് പുള്ളര്‍' തട്ടിപ്പ്, അച്ഛനും മകനും അറസ്റ്റില്‍

Wednesday 9 May 2018 12:35 pm IST
നാസയ്ക്കും ഡിആര്‍ഡിഒയ്ക്കും ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി റെയ്‌സ് പുള്ളര്‍ നല്‍കുന്നവരെന്ന വ്യാജേന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. ദല്‍ഹി സ്വദേശികളായ വിരേന്ദര്‍ മോഹന്‍ ബ്രാര്‍, മകന്‍ നിതിന്‍ മോഹന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്

ന്യൂദല്‍ഹി: നാസയ്ക്കും ഡിആര്‍ഡിഒയ്ക്കും ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി റെയ്‌സ് പുള്ളര്‍ നല്‍കുന്നവരെന്ന വ്യാജേന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. ദല്‍ഹി സ്വദേശികളായ വിരേന്ദര്‍ മോഹന്‍ ബ്രാര്‍, മകന്‍ നിതിന്‍ മോഹന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്.

റെയ്‌സ് പുള്ളര്‍ കച്ചവടം വലിയ ലാഭം നേടിത്തരുമെന്ന് പറഞ്ഞ് വസ്ത്ര വ്യാപാരിയായ നരേന്ദര്‍ എന്നയാളുടെ ഒന്നരക്കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. യഥാര്‍ഥ റെയ്‌സ് പുള്ളറാണെങ്കില്‍ 37500 കോടി രൂപയ്ക്ക് നാസയ്ക്ക് പരീക്ഷണങ്ങള്‍ക്കായി വില്‍ക്കാനാകുമെന്നും ഇവര്‍ വ്യാപാരിയെ പറഞ്ഞു ധരിപ്പിച്ചു.

റെയ്‌സ് പുള്ളര്‍ പരീക്ഷിക്കാന്‍ ഡി.ആര്‍.ഡി.ഓയില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വരുന്നതെന്നും വിജയിച്ചാല്‍ ഉടനെ അവര്‍ 10 കോടിരൂപ തരുമെന്നും വിരേന്ദര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ ശാസ്ത്രജ്ഞന്‍മാരുടെ ഫീസിനത്തിലും അവര്‍ക്ക് ധരിക്കാന്‍ പ്രത്യേക റേഡിയേഷന്‍ മുക്ത സ്യൂട്ട് വാങ്ങാനും 87 ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടെന്നും നരേന്ദറിന്റെ പരാതിയില്‍ പറയുന്നു.

റെയ്‌സ് പുള്ളറിന്റെ പരീക്ഷണം ഹാപൂരില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ആ സ്ഥലം സുരക്ഷിതമല്ലെന്ന് കാട്ടി പരീക്ഷണം നീട്ടാന്‍ തുടങ്ങി. ഇത് നരേന്ദര്‍ ചോദ്യം ചെയ്തു. എന്നാല്‍ പിന്നീട് റെയ്‌സ് പുള്ളര്‍ വില്‍പനക്കാരുടെ ഇടനിലക്കാര്‍ വന്ന് ഉപകരണം മറ്റാര്‍ക്കെങ്കിലും വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി നരേന്ദറിനെ കയ്യിലെടുക്കുകയായിരുന്നു.

ഇതിനിടെ ഹിമാചല്‍ പ്രദേശിലും ധര്‍മശാലയിലും പരീക്ഷണം നടത്താനായി വീണ്ടും 51 ലക്ഷം രൂപ നരേന്ദര്‍ ഇവര്‍ക്ക് നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം റെയ്‌സ് പുള്ളര്‍ പരീക്ഷിക്കാനെത്തിയ ശാസ്ത്രജ്ഞര്‍ പ്രതികളുടെ കീഴില്‍ 20,000 രൂപക്ക് ജോലി ചെയ്യുന്നവരാണെന്ന് നരേന്ദര്‍ മനസ്സിലാക്കുകയും സംഭവം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു.  ഇവരില്‍ നിന്ന് റേഡിയേഷന്‍ കവചം, വ്യാജ സ്റ്റിക്കറുകള്‍ തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു. റെയ്‌സ് പുള്ളര്‍ എന്നത് യഥാര്‍ഥത്തില്‍ ഇല്ലെന്നും അത് കെട്ടുകഥയാണെന്നുമാണ് പോലീസ് പറയുന്നത്. ആളുകളെ പറ്റിച്ച് പണം തട്ടാനായി തട്ടിപ്പുകാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണെന്നും പോലീസ് പറയുന്നു.

ഇതിനായി ചെമ്പ്, വെങ്കലം തുടങ്ങിയ ലോഹങ്ങളില്‍ കാന്തം കൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അരി തിളപ്പിച്ച് ചോറാക്കി മാറ്റി ഇതിനുള്ളില്‍ ചെറിയ ഇരുമ്പ് തരികളോ കമ്പിയോ നിറയ്ക്കും. ഈ ചോറ് തട്ടിപ്പുകാര്‍ തങ്ങളുടെ റൈസ് പുള്ളറിനടുത്ത് എത്തുമ്പോള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് കാട്ടിയാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.