ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ സുപ്രീം കോടതിയില്‍

Wednesday 9 May 2018 1:12 pm IST
ഐഎസ്ആര്‍ഒ ചാരകേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരകേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പാകെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.  കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ട്. നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചുവെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ചാരക്കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയും കേസ് ഉച്ചക്ക് ശേഷം വീണ്ടും വാദം കേള്‍ക്കും.

ചാരകേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെയും രാജ്യത്തിന്റെയും ഭാവിയെ ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനെത്തിയ തന്റെ ഭാവി ചാരക്കേസ് ഇല്ലാതാക്കിയെന്നും നമ്പി നാരായണന്റെ ഹര്‍ജിയിലുണ്ട്. ചാരക്കേസിലെ നഷ്ടപരിഹാരമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്. 

അതിനിടെ കഴിഞ്ഞ ദിവസം  ചീഫ് ജസ്റ്റിസ് ഗ്യാലറിയിലിരുന്ന നമ്പി നാരായണനെ വിളിച്ചു വരുത്തി  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ രണ്ടാം തവണയാണ് സുപ്രീംകോടതി നേരിട്ട് നമ്പി നാരായണന്റെ വാദം കേള്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.