ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി; തോല്‍ക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍

Thursday 10 May 2018 2:50 am IST

വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതോടെ ഗള്‍ഫ് മേഖലയില്‍ പുതിയ സംഘര്‍ഷത്തിനു കളമൊരുങ്ങി. 2015ല്‍ ഇറാനുമായി പ്രധാനപ്പെട്ട ആണവ ശക്തികള്‍ ഉണ്ടാക്കിയ കരാരില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് ഉറപ്പായി. ആണവകരാര്‍ ഇറാന്‍ ലംഘിക്കുന്നു എന്ന് കുറച്ചു ദിവസമായി അമേരിക്ക ആരോപണമുന്നയിക്കുന്നുണ്ട്. കരാര്‍ അനുസരിച്ച് നിര്‍വീര്യമാക്കിയെന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്ന ആണവായുധ സംഭരണ കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനെതിരായ നീക്കം ട്രംപ് ശക്തമാക്കിയത്. ഇസ്രയേല്‍-അമേരിക്ക കൂട്ടുകെട്ടിന്റെ തന്ത്രമാണിതെന്നാണ് ഇറാന്റെ ആരോപണം. 

തികച്ചും ഏകപക്ഷീയവും ഭീകരവും എന്നാണ് ഇറാനുമായുള്ള  ആണവകരാറിനെ ട്രംപ് വിശേഷിപ്പിച്ചത്. അത് സമാധാനവും ശാന്തിയും കൊണ്ടു വന്നില്ല, കൊണ്ടു വരികയുമില്ല, ട്രംപ് പറഞ്ഞു. കരാറില്‍ നിന്നു പിന്മാറിയാല്‍ അമേരിക്ക ദു:ഖിക്കേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള കരാറില്‍ പങ്കാളികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ട്രംപിന്റെ നീക്കത്തോടു യോജിക്കുന്നില്ല. ഈ രാജ്യങ്ങളെ തള്ളി പൂര്‍ണമായും ഏകപക്ഷീയമായാണ് ട്രംപ് ഉപരോധ നീക്കം പ്രഖ്യാപിച്ചത്. സംയുക്ത കര്‍മ പദ്ധതി(ജെസിപിഒഎ) എന്ന കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറരുത് എന്നാവശ്യപ്പെട്ട് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഒന്നിച്ചു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 

ജെസിപിഒഎയില്‍ നിന്നു പിന്മാറാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ബ്രിട്ടനും ജര്‍മനിക്കും ഫ്രാന്‍സിനും നിരാശയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തു. ആണവ നിര്‍വ്യാപന ശ്രമങ്ങള്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം തുടര്‍ന്നു. 

മറ്റുരാജ്യങ്ങള്‍ അമേരിക്കയോടു വിയോജിക്കുന്നതിനാല്‍ കരാര്‍ നിലവിലുണ്ടെന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് ഇറാന്റെ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. കരാര്‍ ഇല്ലാതാവുന് ഘട്ടത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ത്തന്നെ യുറേനിയം സംസ്‌കരിക്കുന്ന പ്രവര്‍ത്തനത്തിനു സജ്ജമാവാന്‍ ആണവോര്‍ജ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റൂഹാനി പറഞ്ഞു.

ഉപരോധ പ്രഖ്യാപനം മന:ശാസ്ത്രപരമായ യുദ്ധമാണ്. ഇതില്‍ വിജയിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്നും റൂഹാനി പറഞ്ഞു.ഇറാന്റെ പാര്‍ലമെന്റ് ഇന്നലെ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളില്‍ മുഖരിതമായിരുന്നു. ചിലര്‍ അമേരിക്കയുടെ പതാക കത്തിച്ചു. അമേരിക്കക്കു മരണം എന്ന് മുദ്രാവാക്യം മുഴക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.