പശ്ചിമ ഘട്ടത്തിന്റെ പ്രാധാന്യമറിയിച്ച് പുതിയ പഠനം

Thursday 10 May 2018 3:00 am IST

ബത്തേരി: പശ്ചിമഘട്ട മലനിരകളുടെ പാരിസ്ഥിതിക പ്രാധാന്യത്തിന് പുതിയ തെളിവുകളുമായി ഗവേഷകരുടെ കണ്ടെത്തലുകള്‍. തമിഴ്‌നാട്ടില്‍ ലഭിക്കുന്ന വേനല്‍ മഴയുടെ 25-30  ശതമാനവും ഈ മലനിരകളെ ആശ്രയിച്ചാണെന്ന് മുംബൈ ഐഐടി യിലെ സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗം പ്രൊഫ. സുബിന്‍ഘോഷും സംഘവും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പശ്ചിമഘട്ടത്തിലെ വന നശീകരണവും ക്വാറി പ്രവര്‍ത്തനങ്ങളും ഹരിതകവചങ്ങളെ ഇല്ലാതാക്കുമ്പോഴാണ് വന്‍ പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണമാകുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് തമിഴ്‌നാട്ടില്‍ മഴ ലഭിക്കുന്നതിന് സഹായിക്കുന്ന നാല്പത് ശതമാനം മഴ മേഘങ്ങളേയും തടഞ്ഞ് നിര്‍ത്തി മഴ പെയ്യിക്കുന്നതും പശ്ചിമഘട്ട മലനിരകളാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

1993,1999,2002 വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കുറഞ്ഞ വേനല്‍ മഴ ലഭിച്ചതിനെ അടിസ്ഥാനമാക്കിയാണ് ഈ പഠനം. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പ്രതിദിനം ഒരു മില്ലീ മീറ്റര്‍ വീതവും ആഗസ്റ്റ് -സെപ്തംബര്‍ സമയത്ത് ദിനംപ്രതി മൂന്ന് മില്ലീ മീറ്റര്‍ വീതവും മഴ അവിടെ ലഭിക്കുന്നതിന് ഈ മലനിരകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും ഗവേഷകര്‍ പറയുന്നു.

പഠന വിധേയമാക്കിയ വര്‍ഷങ്ങളില്‍ പശ്ചിമഘട്ട നിരകളില്‍ ഹരിതകവചത്തില്‍ വന്‍കുറവ് സംഭവിച്ചതായും ഇവര്‍ വിലയിരുത്തുന്നു. ബെംഗളുരു സിഎസ്‌ഐ ആറിലേയും മേരീലാന്റ് സര്‍വ്വകലാശാലയിലേയും ഗവേഷകര്‍ ഈ പഠനത്തിന് ഇവരെ സഹായിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.