സര്‍ക്കാരിന്റെ നീരസം; വാട്ടര്‍ അതോറിട്ടി എംഡിയുടെയും പത്തനംതിട്ട കളക്ടറുടെയും കസേര തെറിച്ചു

Thursday 10 May 2018 3:11 am IST

തിരുവനന്തപുരം: സര്‍ക്കാരിന്റെ അതൃപ്തിക്ക് പാത്രമായ ജല അതോറിറ്റി എംഡിയുടെയും പത്തനംതിട്ട ജില്ലാകളക്ടറുടെയും കസേര തെറിച്ചു. ജല അതോറിട്ടി എംഡി  എ.ഷൈന മോളെ ചരക്കുസേവന നികുതി വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ ആയും പത്തനംതിട്ട ജില്ല കളക്ടര്‍ ആര്‍.ഗിരിജയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും മാറ്റി  നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഡി.ബാലമുരളിയായിരിക്കും  ഇനി പത്തനംതിട്ട ജില്ലാകളക്ടര്‍. 

അരുവിക്കര ഡാമില്‍ ജലഅതോറിട്ടിയുടെ കീഴില്‍ കുപ്പിവെള്ള കമ്പനി തുടങ്ങാന്‍ ഷൈന മോള്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ  അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് നിലപാട് എടുത്തു. കുപ്പിവെള്ള വിതരണത്തിന് നിരവധി സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജല അതോറിറ്റി കുടിവെള്ള വിതരണവും മലിനജല സംസ്‌ക്കരണവും നടത്തിയാല്‍ മതിയെന്നും  കാട്ടി കത്തയയ്ച്ചു.  ഈ കത്തിനെതിരെ ഷൈനമോള്‍ പരസ്യ നിലപാട് എടുക്കുകയും  കത്തിലെ വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.  ടോം ജോസ് സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കുകയാണെന്ന  ആരോപണവും ഉയര്‍ന്നിരുന്നു.  ടോം ജോസ് ഷൈന മോള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥാനചലനം. 

പത്തനംതിട്ടയിലെ സിപിഎം പ്രദേശിക നേതാക്കളുടെ നീരസത്തിനിടയാക്കിയതാണ് കളക്ടറുടെ കസേര തെറിപ്പിച്ചത്.  റാന്നി കൊല്ലമുളയില്‍ വനവാസികളുടെ ഭവന നിര്‍മ്മാണത്തിനായി  നാല് ഏക്കര്‍ 88 സെന്റ് വസ്തുവാങ്ങാന്‍ റവന്യൂവകുപ്പ് തീരുമാനം എടുത്തു.  പ്രദേശിക സിപിഎം നേതാക്കള്‍ നിശ്ചയിച്ച വിലയ്ക്ക് ഭൂമി വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും കളക്ടര്‍ വഴങ്ങിയില്ല. ഭൂമി വില നിശ്ചയിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി.   കൂടാതെ വിനോദ സഞ്ചാര പദ്ധതിക്കായി നിര്‍ദ്ദേശിച്ച ഭൂമിയുടെ വിലയിലും കളക്ടര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു . ഇതോടെ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കളക്ടര്‍ക്കതിരെ തിരിയുകയും തുടര്‍ന്ന് കളക്ടര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. 

ദല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും തദ്ദേശസ്വയംഭരണ (അര്‍ബന്‍) സെക്രട്ടറി ഡോ. ബി. അശോകിനെ പാര്‍ലമെന്ററി കാര്യ വകുപ്പ് സെക്രട്ടറിയായും മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.  ഡോ. വിശ്വാസ് മേത്ത പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെ അധികചുമതല കൂടി വഹിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.