ഭഗവാൻ്റെ പ്രഭാവം നാലു ശ്ലോകത്തിൽ ക്രോഡീകരിക്കുന്നു

Thursday 10 May 2018 3:22 am IST

ഭൗതിക പ്രപഞ്ചത്തിലെ സര്‍വ്വ പ്രാണികളുടെയും ഭൗതികമായ നിലനില്‍പും അതിനു സഹായികളായി ചന്ദ്രനും സൂര്യനും പ്രവര്‍ത്തിക്കുന്നതും, ജഠരത്തിലെ വൈശ്വാനരന്‍ എന്ന അഗ്നി ഭക്ഷണ പദാര്‍ത്ഥങ്ങളെ ദഹിപ്പിക്കുന്നതും എല്ലാം ഈ കൃഷ്ണന്റെ അധീനതയിലാണ് എന്ന് കഴിഞ്ഞ മൂന്ന് ശ്ലോകങ്ങളിലൂടെ ഭഗവാന്‍ വ്യക്തമാക്കി. ചൈതന്യമുള്ളതും ഇല്ലാത്തതുമായ സര്‍വ്വവസ്തുക്കളും ഭഗവാന്റെ അധീനത്തിലാണ് എന്ന് ഈ ശ്ലോകത്തില്‍ ആദ്യം പ്രതിപാദിക്കുന്നു.

(1) അഹം സര്‍വ്വസ്യഹൃദി 

സന്നിവിഷ്ട (15-5)

ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് പുഴുക്കള്‍, ഇളകാത്ത പര്‍വതം തുടങ്ങി സര്‍വ വസ്തുക്കളുടെയും ഹൃദയത്തില്‍ ഞാന്‍-ഈ കൃഷ്ണന്‍-അന്തര്യാമി രൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.

''സ ഏഷ ഇഹ പ്രവിഷ്ടഃ''- മുതലായ വേദവാക്യങ്ങളിലൂടെ ഞാന്‍ ഈ വസ്തുത മുന്‍പേ പറഞ്ഞുവച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാ പ്രാണികളും എന്റെ വിഭൂതി തന്നെയാണ്. അതുകൊണ്ട്, പരമപദത്തില്‍-മോക്ഷപദത്തില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ച് ഭഗവാനെ ഉപാസിക്കുന്നവര്‍ ഭേദബുദ്ധിയോടെ പെരുമാറരുത്- ഈ വ്യക്തി വിശിഷ്ടനാണ്. മറ്റെ ആള്‍ ഭ്രഷ്ടനാണ്, ഇയാള്‍ ശൂദ്രനാണ്, നായാടിയാണ് എന്നിങ്ങനെ ഭേദബുദ്ധി അരുത് എന്നു താല്‍പ്പര്യം.

(2) മത്തഃ സ്മൃതിര്‍ ജ്ഞാനമപോഹനം ച (15-15)

മേല്‍പ്പറഞ്ഞ രീതിയില്‍ സര്‍വ്വത്ര ഭഗവദ് ദൃഷ്ടിയോടെ ഭഗവാനെ സേവിക്കുന്നവരുടെയും സേവിക്കാത്തവരുടെയും ഫലമാണ് പറയുന്നത്. സര്‍വേശ്വരനായ എന്നില്‍ നിന്ന്-ഈ കൃഷ്ണനില്‍ നിന്ന്-എന്റെ ഉപാസനം കൊണ്ട് ശുദ്ധാന്തഃകരണരായ എന്റെ ഭക്തന്മാര്‍ക്ക്, ആചാര്യന്മാരുടെ അനുഗ്രഹമുണ്ടാകും. ഭാഗവതം, ഗീത മുതലായ ഗ്രന്ഥങ്ങളില്‍നിന്ന് ജ്ഞാനം നേടാന്‍ കഴിയും. കഴിഞ്ഞ ജന്മത്തിലോ ഈ ജന്മത്തിലോ ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെ സ്മൃതി ഹൃദയത്തില്‍ ഉയര്‍ന്നുവരും. ആ സ്മൃതി ഉയര്‍ത്തുന്നതും ഞാന്‍ തന്നെയാണ്.

ഭഗവാനെ സേവിക്കാത്തവരുടെ അവസ്ഥ പറയുന്നു- 'അപോഹനം ച'-അവരുടെ ഹൃദയത്തില്‍ മുന്‍പ് നേടിയ ജ്ഞാനവും ഈ ജന്മത്തില്‍ നേടിക്കൊണ്ടിരിക്കുന്ന ജ്ഞാനവും മറന്നുപോയ്‌ക്കൊണ്ടേയിരിക്കും. ആ മറവി ഉണ്ടാക്കുന്നതും ഞാന്‍ തന്നെയാണ്- ''മത്തഃ ഏവ.''

''അപോഹനം''- എന്ന വാക്കിന് ഊഹിക്കാന്‍ കഴിയാത്ത അവസ്ഥ എന്നും അര്‍ത്ഥമുണ്ട്.

''ഇതാണ് പ്രമാണം, ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും, സേവിക്കേണ്ടത് ശ്രീകൃഷ്ണനെത്തന്നെയാണ്-ഈ രീതിയില്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത മാനസികാവസ്ഥ അതും എന്നില്‍നിന്നു തന്നെയാണ് ഉണ്ടാവുന്നത്.

(3) സര്‍വൈഃ വേദൈഃ ച വേദ്യഃ അഹം ഏവ (15-15)

എല്ലാ വേദങ്ങളും അര്‍ത്ഥസഹിതം അധ്യയനം ചെയ്താല്‍ അറിയാന്‍ കഴിയുന്നത് എന്നെത്തന്നെയാണ്. വേറെ ആരെയുമല്ല. സംഹിത, ബ്രാഹ്മണം,ആരണ്യകം എന്നിവയുടെ താല്‍പര്യം ഞാന്‍ തന്നെയാണ്. ഇന്ദ്രന്‍, അഗ്നി, സൂര്യന്‍, മിത്രന്‍, വരുണന്‍, വായു തുടങ്ങിയ ദേവന്മാരെ സേവിച്ച്, വിവിധ ലോകസുഖങ്ങള്‍ നേടാം എന്ന് വേദത്തില്‍ പറയുന്നുണ്ടല്ലോ? എന്താണ് അതിന്റെ താല്‍പര്യം? എല്ലാ ദേവന്മാരുടെയും ഹൃദയത്തില്‍ അന്തര്യാമിയായി നിന്ന്, ഭക്തന്മാരുടെ സേവനം ഏറ്റുവാങ്ങുന്നത് ഞാന്‍ തന്നെയാണ്. യാഗങ്ങള്‍, പൂജ, ധ്യാനം മുതലായ ഉപാസനകളുടെ ഫലം, ആ ദേവന്മാര്‍ വഴി ഞാന്‍ തന്നെയാണ് നല്‍കുന്നത്. ഏഴാമധ്യായത്തിലെ-21,22 എന്നീ ശ്ലോകങ്ങളിലൂടെ ഞാന്‍ അത് വിശദീകരിച്ചിട്ടുമുണ്ട്-

ലഭതേ ചതതഃ കാമാന്‍

മയൈവ വിഹിതാന്‍ ഹി താന്‍ ''വേദൈഃ ച'' എന്ന ശ്ലോകത്തിലെ-ച-എന്ന അവ്യയപദംകൊണ്ട്, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നീ പഞ്ചമവേദങ്ങളുടെ പ്രതിപാദ്യവിഷയവും ഭഗവാന്‍ തന്നെയാണ് എന്ന് വ്യക്തമാക്കി.

മഹാഭാരതത്തില്‍ പറയുന്നു (15-5)

ഏതമേകേ വ ദന്ത്യഗ്നിം

മരുതോ ന്യേ, പ്രജാപതിം

ഇന്ദ്രമേകേ, പരേപ്രാണ-

മപരേബ്രഹ്മശാശ്വതം.

ജ്യോതിം ഷി ശുക്ലാനി ചയാനി ലോകേ

ത്രയോ ലോകാ ലോകപാലാഃ ത്രയീച

ത്രയോഗ്ന യശ്ചാഹുതയശ്ചപഞ്ച

സര്‍വ്വ ദേവാ ദേവകീപുത്ര ഏവ(2)

വേദേ രാമായണേ ചൈവ

പുരാണേ ഭാരതേ തഥാ

 ആദാവന്തേ ച മധ്യേച

ഹരിഃ സര്‍വ്വത്ര ഗീയതേ -(3)

(=ഈ കൃഷ്ണനെ (ഏതം) ഒരു കൂട്ടര്‍ അഗ്നി എന്നും മറ്റൊരു കൂട്ടര്‍ മരുത്ത് എന്നും) വേറെ ചിലര്‍ പ്രജാപതി എന്നും മറ്റൊരു കൂട്ടര്‍ ഇന്ദ്രനെന്നും ഇതരര്‍ പ്രാണനെന്നും, ചിലയാളുകള്‍ ബ്രഹ്മമെന്നും പറയുന്നു (1) ഈ ലോകത്തിലെ എല്ലാത്തരം പ്രകാശ വസ്തുക്കളും മൂന്നുലോകങ്ങളും ലോകപാലന്മാരും മൂന്നു വേദങ്ങളും മൂന്നുവിധം അഗ്നികളും അഞ്ച് ആഹുതികളും. എല്ലാ ദേവന്മാരും ദേവകീപുത്രനായ ഈ കൃഷ്ണന്‍ തന്നെയാണ്-(2), വേദത്തിലും രാമായണത്തിലും പുരാണത്തിലും ഭാരതത്തിലും എല്ലാം ആദിഭാഗത്തിലും മധ്യഭാഗത്തിലും അവസാനഘട്ടത്തിലും എല്ലായിടത്തും ഹരിയാണ്-ശ്രീകൃഷ്ണനാണ് ഗാനം ചെയ്യപ്പെടുന്നത്.

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.