മനസാം സമുദ്രത്തിൽ ശ്രീവരാഹത്തിൻ്റെ യജഞം

Thursday 10 May 2018 3:24 am IST

യജ്ഞവരാഹമൂര്‍ത്തി ഹിരണ്യാക്ഷനില്‍ നിന്നും ഭൂമിയെ രക്ഷിക്കാനായി സശ്രദ്ധം നിരീക്ഷണം നടത്തി. തന്റെ ഘ്രാണശക്തികൊണ്ട് ഭൂമിയുടെ സ്ഥാനം മണത്തറിഞ്ഞു. ഉഗ്രസ്വരൂപം പൂണ്ട് അതിവേഗത്തില്‍ സമുദ്രത്തിനഗാധതയിലേക്ക് ആഴ്ന്നിറങ്ങി. അപ്പോള്‍ തന്റെ മനസ്സും ശരീരവും ഒരു അഗാധസമുദ്രമാണെന്ന് ബ്രഹ്മദേവന്‍ തിരിച്ചറിഞ്ഞു. ആ സമുദ്രത്തില്‍ പെട്ടന്നുണ്ടായ വന്‍ തിരമാലകള്‍ ബ്രഹ്മദേവന് അനുഭവപ്പെട്ടു. 'യജ്ഞേശ്വര പാഹിമേ' എന്ന് ബ്രഹ്മദേവന്‍ പ്രാര്‍ത്ഥിച്ചു.

സമുദ്രത്തിലെ അലയൊലികളും ഹിരണ്യാക്ഷനുമായുള്ള ശ്രീവരാഹത്തിന്റെ യുദ്ധവും എല്ലാം ബ്രഹ്മദേവന്റെ മനസ്സിനേയും ശരീരത്തേയും ഉലച്ചു. ശരീരം നുറുങ്ങുന്നതുപോലെ.

ഹേ യജ്ഞവരാഹമൂര്‍ത്തേ, ഞങ്ങളെ രക്ഷിച്ചാലും എന്ന് വീണ്ടും വീണ്ടും അടിയറവു പറഞ്ഞു പ്രാര്‍ത്ഥിക്കുക മാത്രമേ ബ്രഹ്മാദികള്‍ക്കും ഋഷിമാര്‍ക്കും സാധ്യമായുള്ളൂ.

വേദങ്ങളും യജ്ഞങ്ങളും സര്‍വസ്വവും ഹേ യജ്ഞവരാഹമൂര്‍ത്തേ അങ്ങുതന്നെയാകുന്നു. സര്‍വ ആശ്രയങ്ങളും അങ്ങുന്നുതന്നെ.

''സ്രുക്തുണ്ഡ ആസീത് സ്രുവ ഈശ 

നാസയോ രിഡോദരേ ചമസാഃ കര്‍ണരന്ധ്രേ

പ്രാശിത്രമാസ്യേ ഗ്രസനേ ഗ്രഹാസ്തു തേ

യച്ചര്‍വണം തേ ഭഗവന്നഗ്നിഹോത്രം''

ഹേ യജ്ഞവരാഹമൂര്‍ത്തേ, അങ്ങയുടെ കൂര്‍ത്ത മുഖാഗ്രം യജ്ഞത്തിനുള്ള ജുഹുതന്നെയാണ്. മൂക്കുകള്‍ സ്രുവം തന്നെ. യജ്ഞ പാത്രമായ ഇഡ അങ്ങയുടെ ഉദരം തന്നെ. കര്‍ണരന്ധ്രം ചമസങ്ങളും. മുഖം പ്രാശിത്ര പാത്രവും ഗ്രസനങ്ങള്‍ ഇന്ദ്രാദി ദേവന്മാര്‍ക്കുള്ള ഭാഗം വെക്കാനുള്ള ഗ്രഹങ്ങളുമാണ്. അങ്ങു പല്ലു കടിക്കുന്നതുതന്നെ അഗ്നിഹോത്രം.

യജ്ഞവും യജ്ഞഫലവുമെല്ലാം അങ്ങുതന്നെ. യജ്ഞാനുഭവമാകുന്ന ജ്ഞാനവും അങ്ങാണ്. ''വൈരാഗ്യ ഭക്ത്യാത്മജയാനുഭാവിത ജ്ഞാനായ വിദ്യാഗുരവേ നമോ നമഃ'' വൈരാഗ്യം, ഭക്തി, ആത്മജയം, ആത്മജ്ഞാനം, വിദ്യ, ഗുരു എല്ലാം യജ്ഞവരാഹമൂര്‍ത്തിയായ ഭഗവാന്‍ തന്നെ.

ഹേ ഭഗവാന്‍, അങ്ങ് ഭൂമിയെ ഉയര്‍ത്തിക്കൊണ്ടുവന്ന് സമുദ്രത്തില്‍ താഴാതെ ഉറപ്പിച്ചുനിര്‍ത്തി സടകുടഞ്ഞപ്പോള്‍ തെറിച്ചുവീണ ജലത്തുള്ളികള്‍ സത്യലോകത്തെത്തി തന്നെ പാവനമാക്കി എന്ന് ബ്രഹ്മദേവന്‍ പറയുന്നു.

ദേവീഭാഗവതത്തിലെ അര്‍ദ്ധശ്ലോകീ ഭാഗവതത്തെ ഇതുമായി ചേര്‍ത്തുവായിക്കാം.

''സര്‍വം ഖല്വിദമേവാഹം നാന്യദസ്തി 

സനാതനം''

ഈ കാണുന്നതെല്ലാം ഞാന്‍ തന്നെ. സനാതനമായി വേറെയൊന്നും തന്നെയില്ല. ''ഞാന്‍ താനിതെല്ലാം മറ്റൊന്നുമില്ല, നൂനം സനാതനം'' എന്ന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ബലിക്കല്‍ പുരയില്‍ നടയ്ക്കല്‍ എഴുതിയിരിക്കുന്നതു കാണാം. എല്ലാം ദൈവികമാണ്.

ഇനി ആധുനിക ശാസ്ത്രം  എന്തുപറയുന്നു എന്നുകൂടി ഒന്നവലോകനം ചെയ്യാം. ഏതൊരു വസ്തുവിനും അവയുടെ ഘടനകള്‍ പരിശോധിച്ചാല്‍ കുറേ ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂക്ലിയസും മാത്രമാണ.് അവ എന്നു പ്രകടമാണ്. നെഗറ്റീവ് പോസിറ്റീവ് അയോണ്‍സ് ഇവയ്‌ക്കൊന്നും പറയത്തക്ക ഭാരവുമില്ല. ഇലക്‌ട്രോണുകളുടെ എണ്ണമാറ്റത്തിനനുസരിച്ച് വസ്തുക്കളുടെ സ്വഭാവത്തിലും മാറ്റം വരുന്നു. എല്ലാ വസ്തുക്കളും ഫലപ്രകൃതത്തില്‍ ഒന്നുതന്നെ എന്നുസാരം.

എന്നാല്‍ ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന വിഷയത്തില്‍ വളരെ ചുരുക്കം മൂലകങ്ങളുടെ കാര്യത്തില്‍ മാത്രമേ ആധുനിക ശാസ്ത്രം വിജയിച്ചിട്ടുള്ളൂ. യുറേനിയം, റേഡിയം തുടങ്ങിയവ. എന്നാല്‍ മറ്റുള്ളവയിലും ഇത്തരത്തിലുള്ള മാറ്റം ശാസ്ത്രം തള്ളിക്കളയുന്നുമില്ല.

എല്ലാത്തിലും ഒരേ ചൈതന്യം തന്നെ എന്ന ചിന്തക്ക് ശക്തി പകരുന്നതാണിതും.

 9447213643

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.