വെറ്ററിനറി സര്‍വ്വകലാശാല: പ്രോ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മന്ത്രി സുനില്‍കുമാറിനെ നീക്കി

Thursday 10 May 2018 3:25 am IST

കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വ്വകലാശാല പ്രോ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറിനെ നീക്കി. ഇത് സംബന്ധിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് അസാധാരണ ഗസറ്റിലൂടെ പുറത്തിറങ്ങി. മൃഗസംരക്ഷണ മന്ത്രി അഡ്വ കെ. രാജുവാണ് പുതിയ പ്രോ ചാന്‍സലര്‍.

കൃഷിമന്ത്രി ഈ പദവിയില്‍ തുടരുന്നത് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 'ജന്മഭൂമി' മാര്‍ച്ച്  21ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഗവര്‍ണ്ണറുടെ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഈ സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കൃഷി മന്ത്രി പ്രോ ചാന്‍സലര്‍ ആയി തുടരുകയായിരുന്നു. മുന്‍ വൈസ് ചാന്‍സലറുടെ കീഴില്‍ വികസനപാതയിലായിരുന്ന കലാശാലയുടെ വിലപിടിച്ച രണ്ടു വര്‍ഷങ്ങളാണ് പ്രോ ചാന്‍സലര്‍ പദവി വഹിച്ച മന്ത്രിയുടെ അനാസ്ഥ കാരണം നഷ്ടമായത്. 

സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. വികസനത്തിനായി രണ്ടു വര്‍ഷം മുന്‍പ് അനുവദിച്ച നാലു കോടി രൂപ  ഉപയോഗിക്കാതെ  മാര്‍ച്ചില്‍ തിരിച്ചടച്ചു. നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍വ്വകലാശാലയില്‍ 450  തൊഴിലാളികളെ ഒറ്റയടിക്ക് സ്ഥിരപ്പെടുത്തി. ഇതിനു സര്‍ക്കാര്‍ അനുമതി ഇതുവരെ നേടിയിട്ടില്ല. അനധ്യാപക ജീവനക്കാരെ, ഇല്ലാത്ത തസ്തികകളില്‍ ഇപ്പോഴും നിയമിച്ചുകൊണ്ടിരിക്കുകയാണ്. 

വാഴ്‌സിറ്റിയുടെ തിരുവാഴാംകുന്ന് ഫാമില്‍ ബ്രൂസെല്ല രോഗം ആരംഭദശയില്‍ കണ്ടുപിടിക്കാന്‍ വൈകിയത് കാരണം  നൂറോളം പശുക്കളെ ഒറ്റ ദിവസം കൊണ്ട് കൊന്നു കുഴിച്ചു മൂടി. രോഗബാധ പടരുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അഞ്ചു കോടിരൂപ നഷ്ടം സമ്മാനിച്ച ഫാം മേധാവിക്കെതിരെ നടപടിയെടുക്കേണ്ടതിനു പകരം പ്രശംസാപത്രം നല്‍കി ആദരിച്ചു. റവന്യൂ  വനം വകുപ്പുകളുമായുള്ള തര്‍ക്കത്തില്‍ പെട്ട് മുടങ്ങിക്കിടക്കുന്ന പൂക്കോടിലെ സര്‍വ്വകലാശാലയുടെ ആസ്ഥാനമന്ദിരത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനു  വകുപ്പുകളുമായി പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ ഭാഗത്തു നിന്ന് ഇടപെടല്‍ ഉണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.