കാള്‍ മാര്‍ക്‌സ് എന്ന കൗതുക വസ്തു

Thursday 10 May 2018 3:37 am IST
ഒരിക്കല്‍ ജീവിച്ചിരുന്നയാളായതുകൊണ്ട് മാര്‍ക്‌സിന്റെ ജന്മ-ചരമ വാര്‍ഷികങ്ങള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കും. അതിനപ്പുറം ലോകഗതി മാറ്റാനൊന്നും അതിനാവില്ല. കമ്യൂണിസത്തിന്റെ സ്ഥാനം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കാഴ്ചബംഗ്ലാവിലായതാണ്. കാള്‍ മാര്‍ക്‌സ് അതിലെ ഒരു കൗതുക വസ്തുവും.

കമ്യൂണിസ്റ്റ് ഭക്തിപ്രസ്ഥാനക്കാര്‍ കാള്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനം ആഘോഷിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും തങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇതിനിടെ ഇരുന്നൂറാം ജന്മദിനം പ്രമാണിച്ച് മാര്‍ക്‌സിന്റെ ഒരു പ്രതിമ ചൈന, ജര്‍മനിക്ക് സമ്മാനിച്ചത് വിവാദം ക്ഷണിച്ചുവരുത്തി. മനുഷ്യാവകാശങ്ങള്‍ അനുവദിക്കാത്ത ചൈന നല്‍കിയ മാര്‍ക്‌സിന്റെ പ്രതിമ സ്വീകരിച്ചതില്‍ കമ്യൂണിസം കയ്യൊഴിഞ്ഞ ജര്‍മനിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രതിമ നീക്കം ചെയ്യപ്പെട്ടേക്കാം.

ചൈനയുടെ ഔദ്യോഗിക ദിനപത്രമായ 'പീക്കിങ് ഡെയ്‌ലി' 1984 ഡിസംബര്‍ ഏഴിന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ''മാര്‍ക്‌സ് 101 വര്‍ഷം മുന്‍പ് മരിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ക്ക് നൂറിലേറെ വര്‍ഷം പഴക്കമുണ്ട്. മാര്‍ക്‌സിന്റെ ആശയങ്ങള്‍ രൂപപ്പെട്ടതിനുശേഷം (ലോകത്ത്) ബൃഹത്തായ മാറ്റങ്ങള്‍ സംഭവിച്ചു. ഈ ആശയങ്ങളില്‍ ചിലത് ഇന്നത്തെ സാഹചര്യത്തിന് ചേരുന്നതല്ല. കാരണം ഇന്നത്തെക്കാലം മാര്‍ക്‌സ് ഒരിക്കലും അനുഭവിച്ചിട്ടില്ല; ഏംഗല്‍സിനും ലെനിനും അതിന് കഴിഞ്ഞിട്ടില്ല.''

സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മാര്‍ക്‌സിസം പുഷ്‌കലമായി നിന്ന കാലത്താണ് ഡെങ് സിയാവോ പിങ്ങിന്റെ ചൈന ഈ അപ്രിയ സത്യം പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ന് സോവിയറ്റ് യൂണിയനിലോ കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലോ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളില്ല. എല്ലാം നിലംപതിച്ചിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. ചൈന, ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത് മാര്‍ക്‌സിസത്തിന്റെ ലേബലൊട്ടിച്ച സ്വേച്ഛാധിപത്യ ഭരണകൂടങ്ങളാണ്.

വിചിത്രമെന്നു പറയട്ടെ, ഈ സാഹചര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് മാര്‍ക്‌സിസം ഇപ്പോഴും അജയ്യമാണെന്നും, അത് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും, മനുഷ്യരാശിയുടെ ആശാകേന്ദ്രമാണെന്നും ചിലര്‍ അന്ധമായി വിശ്വസിക്കുകയാണ്. മൂലധനം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ  മുതലായ മാര്‍ക്‌സിന്റെ രചനകള്‍ പൊടിതട്ടിയെടുത്ത് പുനഃപ്രസിദ്ധീകരിക്കല്‍. 1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദിയാഘോഷിക്കല്‍. ഇതൊക്കെ ചെയ്താണ് മാര്‍ക്‌സും മാര്‍ക്‌സിസവും തിരിച്ചുവരികയാണെന്ന് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളും, എഴുത്തിലൂടെ പണവും പ്രശസ്തിയും നേടുന്ന അക്കാദമിക് ബുദ്ധിജീവികളും ഒച്ചവച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും ഇക്കൂട്ടരെ വെറുതെ ആവേശംകൊള്ളിക്കുകയാണ്.

മനുഷ്യരാശിയുടെ മോചനം മുന്‍നിര്‍ത്തിയല്ല, വ്യക്തിപരമായ അതിജീവനത്തിനാണ് മാര്‍ക്‌സ് ഘോരമായി എഴുതിക്കൂട്ടിയതെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. മാര്‍ക്‌സിന് ക്ഷീണിക്കാത്ത തലച്ചോറുണ്ടായിരുന്നു. പ്രായോഗികതയുടെ പ്രശ്‌നങ്ങളൊന്നും അലട്ടാതെ ആശയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍പ്പോലും കാണുന്നത് കാല്‍പ്പനിക കാന്തി ചിതറുന്ന പദാവലികളാണ്. ഇത് മതാത്മകമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂതനായിരുന്ന മാര്‍ക്‌സ് ക്രിസ്തുമതം സ്വീകരിച്ചയാളാണ്. പുതുവിശ്വാസിയുടെ ദൃഢതയും വൈകാരിക ക്ഷോഭങ്ങളും നിറഞ്ഞുനില്‍ക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ 'പഴയനിയമ'ത്തിലെ പ്രവാചകനെപ്പോലെ മാര്‍ക്‌സ് ഓരോരോ വിധി പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്, ശാപവചസ്സുകള്‍ ഉതിര്‍ക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിന്റെ മൗലികമെന്ന് പറയപ്പെടുന്ന ആശയങ്ങളില്‍ പലതും മറ്റുള്ളവരില്‍നിന്ന് കടംകൊണ്ടതാണ്. ''തൊഴിലാളിവര്‍ഗത്തിന് നഷ്ടപ്പെടാന്‍ അവരുടെ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല'' എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാവ് ജീന്‍ പോള്‍ മാരറ്റിന്റേതാണ്. ''സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍'' എന്ന് ആദ്യം പറഞ്ഞത് ജര്‍മന്‍ തൊഴിലാളി നേതാവ് കാള്‍ സ്‌കാപ്പര്‍ ആണ്. 'തൊഴിലാളി വര്‍ഗ സര്‍വാധിപത്യം' സ്ഥാപിക്കാന്‍ ആദ്യം ആഹ്വാനം ചെയ്തത് ഫ്രഞ്ച് സോഷ്യലിസ്റ്റ് ലൂയിസ് അഗസ്റ്റെ ബ്ലാങ്ക്യുവും. പ്രത്യക്ഷത്തില്‍ അത്യന്തം ആകര്‍ഷകമായ ഈ വരികള്‍ സ്വന്തം വാദഗതികള്‍ സ്ഥാപിക്കാന്‍ മാര്‍ക്‌സ് കടംകൊള്ളുകയായിരുന്നു. താന്‍ പറയുന്നതാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി വസ്തുതകളെ വളച്ചൊടിക്കാന്‍ മടിക്കാത്തയാളുമായിരുന്നു മാര്‍ക്‌സ്. മാര്‍ക്‌സിന്റെ 'മാസ്റ്റര്‍ പീസ്' ആയ 'മൂലധന'ത്തിലെ പതിനഞ്ചാം അധ്യായത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകള്‍ (ബ്ലൂബുക്‌സ്) കൂസലില്ലാതെ വളച്ചൊടിച്ചതായി കേംബ്രിഡ്ജ് ഗവേഷകരായ ജോസഫ് റോബ്‌സണ്‍ ടാനെര്‍, എഫ്.എസ്. കരേയ് എന്നിവര്‍ 1885-ല്‍ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.

ഒരിക്കല്‍ ജീവിച്ചിരുന്നയാളായതുകൊണ്ട് മാര്‍ക്‌സിന്റെ ജന്മ-ചരമ വാര്‍ഷികങ്ങള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കും. അതിനപ്പുറം ലോകഗതി മാറ്റാനൊന്നും അതിനാവില്ല. കമ്യൂണിസത്തിന്റെ സ്ഥാനം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കാഴ്ചബംഗ്ലാവിലായതാണ്. കാള്‍ മാര്‍ക്‌സ് അതിലെ ഒരു കൗതുക വസ്തുവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.