സ്വയംചികിത്സിക്കൂ, എന്നിട്ടാവാം ഉപദേശം

Thursday 10 May 2018 3:38 am IST
പട്ടടയിലുമൊടുങ്ങാത്ത കോണ്‍ഗ്രസ്സിന്റെ പകയുടെ പിന്നാമ്പുറം ഇനിയുമന്വേഷിച്ചു പോകേണ്ടതില്ലല്ലോ? രാജ്യമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പും വിലയിരുത്തുമ്പോള്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ഏത് രാജ്യസ്‌നേഹിയാണ് ആഗ്രഹിക്കാതിരിക്കുക! പട്ടേലിന്റെ മരണശേഷം വി.പി.മേനോനെ അവഹേളിച്ചും അപമാനിച്ചും തരംതാഴ്ത്തിയും പാഠം പഠിപ്പിക്കാനും നെഹ്‌റു മറന്നില്ല. പട്ടേലിനേയും പട്ടേലിന്റെ പാത പിന്തുടര്‍ന്നവരേയും പടിയടച്ചു പിണ്ഡം വച്ച കോണ്‍ഗ്രസ്സുകാര്‍ ആദ്യം സ്വന്തം ചരിത്രം പഠിക്കട്ടെ. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നാടിനെ ഒറ്റിയ നേതൃത്വത്തെ തിരിച്ചറിയട്ടെ.

പ്രധാനമന്ത്രി ചരിത്രം വളച്ചൊടിക്കുന്നുവെന്ന് കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ ബെംഗളൂരു പ്രസംഗമാണ് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സത്യത്തിന്റെ മുഖം കറുത്തിരിക്കും എന്നൊരു ചൊല്ലുണ്ട്. അപ്പോള്‍പ്പിന്നെ കോണ്‍ഗ്രസ്സുകാര്‍ രോഷാകുലരായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. കോണ്‍ഗ്രസ്സിനെപ്പോലെ ചരിത്രത്തോട് കടുത്ത അനാദരവ് കാണിച്ച രാഷ്ട്രീയ പാര്‍ട്ടി വേറെ കാണില്ല. ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. 

മഹാസാഗരത്തെ കൈക്കുടന്നയിലേക്കെന്ന പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ നെഹ്‌റു കുടുംബത്തിന്റെ ചരിത്രമാക്കി മാറ്റിയവരാണിക്കൂട്ടര്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് തങ്ങളാണെന്ന് അവര്‍ പറയാതെ പറഞ്ഞു വച്ചു. വ്യത്യസ്ഥ ചിന്താധാരകള്‍ വച്ചുപുലര്‍ത്തിയവരെങ്കിലും സമരരംഗത്ത് നിറഞ്ഞു നിന്ന പലരും അതോടെ ചരിത്രത്തിന് വെളിയിലായി. കേന്ദ്രമന്ത്രി പദം പുല്ലുപോലെ വലിച്ചെറിഞ്ഞ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി ബലിദാനിയായ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി തൊട്ട് ഡോ.രാം മനോഹര്‍ ലോഹ്യ വരെ നീളുന്ന ത്യാഗികളുടെ നീണ്ട നിരയെ സമര്‍ത്ഥമായി തമസ്‌ക്കരിച്ചു. 

സര്‍വ്വകലാശാലകള്‍, എയര്‍പ്പോര്‍ട്ടുകള്‍, അണക്കെട്ടുകള്‍ പൊതുഖജനാവില്‍ നിന്നു പണമെടുത്ത് ആസൂത്രണം ചെയ്ത പദ്ധതികള്‍ എല്ലാം നെഹ്‌റു കുടുംബാംഗങ്ങളുടെ പേരില്‍ അറിയപ്പെട്ടു. ഇന്ത്യക്കാരന്‍ കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം നെഹ്‌റു കുടുംബത്തിന്റെ മുദ്ര പതിഞ്ഞു. 'ഖണ്ഠിയെ' ഗാന്ധിയാക്കി ആള്‍മാറാട്ടം നടത്തി ഇളമുറക്കാരുടെ പേരിനോടു ചേര്‍ത്തു. ഗാന്ധിയെന്ന വികാരം പോലും കുടുംബസ്വത്തായി. കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതു വെറുതെയല്ലെന്ന് കാലം തെളിയിച്ചു. വിദേശിയെ കെട്ടുകെട്ടിച്ച കോണ്‍ഗ്രസ് നാളെ മറ്റൊരു വിദേശിയുടെ കൈപ്പിടിയിലമരുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം. 'ഭൂതകാലത്തിന്റെ തെറ്റായ വ്യാഖാനം' എന്ന് ഒരു ചരിത്ര വിരോധി ചരിത്രത്തെ വിശേഷിപ്പിച്ചതോര്‍ക്കുന്നു. ഇന്ത്യാചരിത്രത്തിന് ഇത്രയും യോജിച്ച മറ്റൊരു നിര്‍വചനം കണ്ടെത്താനാവില്ല. 

1972 ആഗസ്റ്റ് 15ന് റെഡ് ഫോര്‍ട്ടിനു മുന്നില്‍ ഇന്ദിരാഗാന്ധി 50 അടി ആഴത്തില്‍ ഒരു ചരിത്ര പേടകം (ഒശേെീൃ്യ ഇമുൗെഹല) കുഴിച്ചിടുകയുണ്ടായി. ഇതിന് പാര്‍ലമെന്റിന്റെ അറിവോ അംഗീകാരമോ ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥ പിന്‍വലിച്ച് 1977ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍  വന്നപ്പോള്‍ ചരിത്രപേടകം പുറത്തെടുത്ത് പരിശോധിച്ചു. ഇന്ത്യാചരിത്രത്തിനു പകരം നെഹ്‌റു കുടുംബത്തിന്റെ ചരിത്രമായിരുന്നു അതില്‍ രേഖപ്പെടുത്തിയിരുന്നത്. ചരിത്രത്തിന്റെ ശവദാഹത്തിനായി തെരഞ്ഞെടുത്ത ദിവസം നോക്കുക, സ്വാതന്ത്ര്യ ദിനം! ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമനേയും കോണ്‍ഗ്രസ് പിന്നിലാക്കി. ആധുനിക സമൂഹത്തില്‍ ഇതിനു സമാനമായ മറ്റൊരു സംഭവം ചരിത്രത്തിലൊരിടത്തും കാണാനാവില്ല. അടിയന്തരാവസ്ഥയുടെ അന്ധകാരത്തില്‍ ചിരപുരാതനമായ ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തെ ചവിട്ടിത്താഴ്ത്തി കുടുംബചരിത്രത്തെ പ്രതിഷ്ഠിച്ച കോണ്‍ഗ്രസ്സുകാരാണ് ഇന്ന് നരേന്ദ്രമോദിയെ ചരിത്രം പഠിപ്പിക്കുന്നത്. 

ഒരു ജനതയുടെ വേരുകള്‍ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും  ഇറങ്ങിച്ചെല്ലുമ്പോഴാണ് ഏതു പ്രതിസന്ധിയേയും അതിജീവിക്കാന്‍ അവര്‍ പ്രാപ്തരാവുന്നത്. ചരിത്രം വളച്ചൊടിക്കുമ്പോള്‍ ഒരു ജനതയുടെ സ്വത്വമാണ്- നിലനില്‍പ്പു തന്നെയാണ് ഇല്ലാതാവുന്നത്. ബലിദാനികളുടെ ചോരയില്‍ മുക്കി എഴുതിയ സത്യസന്ധമായ സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറയെ പഠിപ്പിച്ചാല്‍ പ്രതിസന്ധികളുടെ നാളുകളില്‍ ആരുടെയും ആഹ്വാനത്തിന് കാത്തു നില്‍ക്കാതെ അവര്‍ രംഗത്തു വരും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അടിയന്തിരാവസ്ഥയെ- രണ്ടാം സ്വാതന്ത്ര്യ സമരത്തെ അഭിമുഖീകരിക്കാനുള്ള ദുര്യോഗം നമുക്കുണ്ടാവുമായിരുന്നില്ല. വരുംതലമുറയെപ്പോലും വന്ധ്യംകരിച്ച, വഴിപിഴപ്പിച്ച, കോണ്‍ഗ്രസ്സുകാര്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. 

നെഹ്‌റുവിന്റെ കാലത്ത് എതിരാളികളെ വേട്ടയാടിയ കോണ്‍ഗ്രസ്, ഇന്ദിരാ ഗാന്ധിയുടെ കാലമായപ്പോഴേക്കും സ്വന്തം പാര്‍ട്ടിക്കുള്ളിലേക്ക് കുന്തമുന തിരിച്ചു. കഴിവും കാര്യപ്രാപ്തിയുമുള്ളവരെ തഴഞ്ഞു. മറ്റു ചിലരെ പുകച്ച് പുറത്തു ചാടിച്ചു. എന്നിട്ടും പിടിച്ചു നിന്നവര്‍ അപകടത്തില്‍പ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. ഏറ്റവും ഒടുവിലായി പരിമിത വിഭവനായ രാഹുലിനെ വാഴിക്കാനായി എതിരാളികള്‍ പോലുമാദരിക്കുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയെ രാഷ്ട്രപതിയാക്കി രാഷ്ട്രീയവനവാസത്തിനയച്ചു. ഒരു ജീവിതം പൂര്‍ണ്ണമായി പാര്‍ട്ടിക്കു സമര്‍പ്പിച്ച തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ നേതൃത്വം തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം പുറത്തിറക്കിയ ആത്മകഥയില്‍ മറകൂടാതെ തുറന്നു പറയുന്നുണ്ട്. അന്വേഷിച്ചു ചെല്ലുമ്പോള്‍ രാഷ്ട്രീയചരിത്രം മാത്രമല്ല സ്വന്തം ചരിത്രവും കോണ്‍ഗ്രസ്സിനെ തിരിഞ്ഞു കുത്തുന്നതു കാണാം.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലേക്കു തിരിച്ചു പോകാം. സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിച്ച അതീവ സങ്കീര്‍ണ്ണമായ പ്രതിസന്ധിയായിരുന്നു നാട്ടുരാജ്യങ്ങളുടെ സംയോജനം. നാമിന്ന് കാണുന്ന ഭാരതത്തിന്റെ ഭൂപടം യാഥാര്‍ത്ഥ്യമാക്കിയതിനു പിന്നില്‍ മുഖ്യമായും രണ്ടു ദേശസ്‌നേഹികളുടെ അറിയപ്പെടാത്ത ചരിത്രമുണ്ട്. ഒന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍, രണ്ട് അദ്ദേഹത്തിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച മലയാളിയായ വി.പി.മേനോന്‍. മലയാളികള്‍ പോയിട്ട് പാലക്കാട്ടുകാര്‍ക്ക് പോലും ഇന്ന് വി.പി.മേനോന്‍ അപരിചിതനാണ്. 

ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ വെല്ലുവിളിച്ചു മാറിനിന്ന ഹൈദ്രാബാദ് അന്ന് നൈസാമിനു കീഴിലായിരുന്നു. നൈസാമിന്റെ സൈന്യം (റസാക്കര്‍മാര്‍) രാജ്യത്തുടനീളം അഴിഞ്ഞാടിയപ്പോള്‍ സൈന്യത്തെ ഇറക്കണമെന്ന് പട്ടേല്‍ നെഹ്‌റുവിനോട് ആവശ്യപ്പെട്ടു. അതിനോട് വിയോജിച്ച നെഹ്‌റു ക്യാബിനറ്റ് യോഗത്തില്‍ വച്ച് പട്ടേലിനെ വര്‍ഗീയവാദിയെന്നു വിളിച്ച് അപമാനിച്ചു. ഉത്തരപൂര്‍വ്വ ഭാരതം നേരിട്ട കെടുതികളും നെഹ്‌റുവിന്റെ വികലമായ വീക്ഷണത്തിന്റെ സൃഷ്ടിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഈ പ്രദേശത്തെ നെഹ്‌റു വിദേശ കാര്യാലയത്തിനു കീഴില്‍ നിലനിര്‍ത്തുകയാണുണ്ടായത്. വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടി തെറ്റുതിരുത്താന്‍ പട്ടേല്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നെഹ്‌റു വഴങ്ങിയില്ല. പ്രധാനമന്ത്രിയുടെ അപ്രമാദിത്വത്തെ ഭയന്ന് മറ്റ് ക്യാബിനറ്റ് അംഗങ്ങള്‍ നിശ്ശബ്ദത പാലിച്ചു. ക്രാന്തദര്‍ശിയായ പട്ടേലിന്റെ വാക്കുകളെ അവഗണിച്ച നെഹ്‌റുവിനും കുടുംബത്തിനും നഷ്ടമൊന്നുമുണ്ടായില്ലെങ്കിലും രാജ്യത്തിന് പില്‍ക്കാലത്ത് കനത്ത വില നല്‍കേണ്ടതായി വന്നു.

 മരണത്തില്‍ പോലും രാജിയാവാത്ത ഒടുങ്ങാത്ത പകയ്ക്ക് കാരണം പട്ടേല്‍ രാജ്യത്തോട് കാണിച്ച വിട്ടിവീഴ്ച്ചയില്ലാത്ത കൂറും കടപ്പാടുമായിരുന്നു. കേന്ദ്രത്തില്‍ ഉന്നതപദവികളിലിരുന്ന എം.കെ.കെ.നായര്‍'ആരോടും പരിഭവമില്ലാതെ എന്ന തന്റെ ആത്മകഥയില്‍ ഇതേക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്.  സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1947 ആഗസ്റ്റ് 28ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ പട്ടേല്‍ മുസ്ലീം ലീഗിന്റെ വേറിടല്‍ മനസ്ഥിതിയെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തിലെ രണ്ട് വരികള്‍ ഇവിടെ ഉദ്ധരിക്കാതെ വയ്യ. 'ഇന്ത്യ മേലില്‍ ഒരു തരത്തിലുമുള്ള ശിഥിലീകരണ പ്രവണതയും അനുവദിക്കില്ല. രാജ്യത്തിന്റെ വിഭജനത്തില്‍ കലാശിച്ച പ്രവണത കൊണ്ടുനടക്കുന്നവരുടെ സ്ഥാനം ഇവിടെയല്ല, പാകിസ്ഥാനിലാണ്.  വീണ്ടും വിഭജിക്കാനും ശിഥിലീകരണത്തിന്റെ വിത്തു വിതയ്ക്കാനും ആഗ്രഹിക്കുന്നവരെ വച്ചു പൊറുപ്പിക്കില്ല. മുസ്ലീം ലീഗ് വക്താക്കളുടെ ഭാഷയില്‍ മാധുര്യമേറെയുണ്ടെങ്കിലും അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗത്തില്‍ വിഷം വേണ്ടുവോളമുണ്ട്.

' പട്ടടയിലുമൊടുങ്ങാത്ത കോണ്‍ഗ്രസ്സിന്റെ പകയുടെ പിന്നാമ്പുറം ഇനിയുമന്വേഷിച്ചു പോകേണ്ടതില്ലല്ലോ? രാജ്യമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പും വിലയിരുത്തുമ്പോള്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ഏത് രാജ്യസ്‌നേഹിയാണ് ആഗ്രഹിക്കാതിരിക്കുക. പട്ടേലിന്റെ മരണശേഷം വി.പി.മേനോനെ അവഹേളിച്ചും അപമാനിച്ചും തരംതാഴ്ത്തിയും പാഠം പഠിപ്പിക്കാനും നെഹ്‌റു മറന്നില്ല. പട്ടേലിനേയും പട്ടേലിന്റെ പാത പിന്തുടര്‍ന്നവരേയും പടിയടച്ചു പിണ്ഡം വച്ച കോണ്‍ഗ്രസ്സുകാര്‍ ആദ്യം സ്വന്തം ചരിത്രം പഠിക്കട്ടെ. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നാടിനെ ഒറ്റിയ നേതൃത്വത്തെ തിരിച്ചറിയട്ടെ. വൈദ്യര്‍ സ്വയം ചികിത്സിക്കുക. എന്നിട്ടാവാം മോദിയെ ഉപദേശിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.