വിദേശത്തെ കറുത്ത കൈകള്‍

Thursday 10 May 2018 3:43 am IST

തന്നെ ചാരക്കേസില്‍ കുടുക്കിയത് അമേരിക്കന്‍ പൗരത്വം നിരസിച്ചതിനാലാണെന്ന നമ്പി നാരായണന്റെ സുപ്രീംകോടതി മുമ്പാകെയുള്ള പ്രസ്താവന ഗൗരവപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. ആ നിരീക്ഷണം ശരിയാകാനാണ് സാധ്യത. 1970കളില്‍ ഐഎസ്ആര്‍ഒ എന്ന സ്ഥാപനം കാര്‍ടൂണിസ്റ്റുകള്‍ക്ക് കാര്‍ടൂണ്‍ വരയ്ക്കാന്‍ ആശയം നല്‍കുന്ന സ്ഥാപനമായിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് ചന്ദ്രയാനും മംഗളയാനുമടക്കം 104 ഉപഗ്രഹ വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ച അന്തര്‍ദേശീയ കീര്‍ത്തിയുള്ള ഒരു മഹത് സ്ഥാപനമായി മാറിയത്.  നമ്പി നാരായണനെയും ശശികുമാറിനേയും പോലുള്ള ശാസ്ത്രജ്ഞന്മാരുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. ഇന്ത്യാമഹാരാജ്യത്തില്‍  യഥാര്‍ത്ഥ ദേശ സ്‌നേഹികള്‍ക്ക് വലിയ വില നല്‍കേണ്ടതായി വരും. നമ്പി നാരായണനും സംഭവിച്ചത് ഇതാണ്.

അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നെങ്കില്‍ അദ്ദേഹം ലോകം അറിയുന്ന ശാസ്ത്രജ്ഞനായി മാറിയേനെ. ഇന്ത്യയെ പോലുള്ള അവികസിത രാജ്യത്തിനെ അതേപോലെ നിലനിര്‍ത്താനാണ് വികസിത രാജ്യങ്ങള്‍ക്ക് താല്‍പര്യം. അതിന്റെ ഭാഗമായിട്ടാണ് ഇവിടെയുള്ള ശാസ്ത്രജ്ഞന്‍മാര്‍ക്ക് പൗരത്വവും നല്ല ജോലിയുമെല്ലാം നല്‍കി സ്വന്തമാക്കുന്നത്.

നമ്പി നാരായണനെ കുടുക്കിയ ദേശദ്രോഹികള്‍ സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ വിരാജിച്ചിരുന്നു.  ആര്‍ക്കോ വേണ്ടി തങ്ങളുടെ ക്രത്യം നിര്‍വഹിച്ച അവരെല്ലാം ഇപ്പോള്‍ നല്ല രീതിയില്‍ ജീവിക്കുന്നു. രാഷ്ട്രീയമുതലെടുപ്പ് നടത്തിയ നേതാക്കള്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ഭരണ തലത്തില്‍ വിലസി. രാഷ്ട്രീയത്തിലെ ഉപജാപക വൃന്ദം ഇതിനെ വിദഗ്ധമായി ഉപയോഗിച്ച് കരുണാകരനെ  പുറത്താക്കി.

ഐഎസ്ആര്‍ഒ ചാരക്കേസും ഭാരതചരിത്രത്തിലെ പല സംഭവങ്ങളെപോലെ രാജ്യദ്രോഹികളുടെ ശക്തമായ കൂട്ടായ്മ യഥാര്‍ത്ഥ രാജ്യ സ്‌നേഹികളെ ചതിച്ച് പുറത്താക്കിയ സംഭവമായി ചരിത്രത്തില്‍ അവശേഷിക്കും.

 -രഘുമോഹന കുമാര്‍

എളമക്കര, എറണാകുളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.