പൊട്ടിത്തെറിച്ച് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര; 'ചില അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുന്നു'

Thursday 10 May 2018 3:14 am IST

ന്യൂദല്‍ഹി: കോടതിക്കെതിരായ ഒരു വിഭാഗം അഭിഭാഷകരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ''ഒരു വിഭാഗം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണ്. മുന്‍പില്ലാത്ത വിധത്തില്‍ കോടതി അധിക്ഷേപിക്കപ്പെടുന്നു. ചാനലുകളിലിരുന്ന് ദിവസേന അഭിഭാഷകര്‍ കോടതി നടപടികളെപ്പറ്റി വായില്‍ തോന്നിയത് പറയുന്നു. ഒരു അമ്പു കൊണ്ട് എല്ലാവരെയും കൊല്ലാനാണ് ഉദ്ദേശം. 

എല്ലാം കണ്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിരിക്കുകയാണ്. കോടതി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിചാരം. അഭിഭാഷകര്‍ സ്ഥാപനത്തെ ഇല്ലാതാക്കുകയാണ്. കോടതിയുണ്ടെങ്കില്‍ മാത്രമെ അഭിഭാഷകര്‍ക്ക് നിലനില്‍പ്പുള്ളു. മിശ്ര ഓര്‍മ്മിപ്പിച്ചു. ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കങ്ങളും വിവാദങ്ങളും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. 

 കണ്ണൂര്‍, കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെയാണ് സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചില അഭിഭാഷകരുടെ നടപടിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.

 കണ്ണൂര്‍ കരുണ കേസിലെ കേരള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി  ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന്വ്യക്തമാക്കി. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്ത ഉത്തരവ് ബില്ല് പരിഗണിക്കുന്നതിന് തടസ്സമല്ലെന്നു വ്യക്തമാക്കണമെന്ന ആവശ്യം തള്ളിയതും സര്‍ക്കാരിന് തിരിച്ചടിയായി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ അനധികൃത പ്രവേശനം സാധൂകരിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. 

സ്റ്റേ ഉത്തരവുള്ളതിനാലാണ് ഗവര്‍ണര്‍ നിയമസഭ പാസ്സാക്കിയ മെഡിക്കല്‍ ബില്ല് പരിഗണിക്കാത്തതെന്ന് സര്‍ക്കാര്‍ വാദിച്ചു. അതിനാല്‍ സ്‌റ്റേ ഉത്തരവ് ബില്ല് പരിഗണിക്കുന്നതിന് തടസ്സമല്ലെന്നു കോടതി വ്യക്തമാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ആവശ്യം നിരസിച്ചു. സര്‍ക്കാര്‍ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും ബെഞ്ച് വിമര്‍ശിച്ചു. 

 ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ജൂലായ് മൂന്നാം വാരം വിശദമായി വാദം കേള്‍ക്കും. കേസ് അടുത്ത ആഴ്ച പരിഗണിക്കണമെന്ന് സര്‍ക്കാരും മാനേജ്മെന്റുകളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. ജൂലായില്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ കോടതി ഉറച്ചു നിന്നു. ആവശ്യം ആവര്‍ത്തിച്ചപ്പോഴായിരുന്നു അഭിഭാഷകര്‍ക്കെതിരായ കോടതിയുടെ രൂക്ഷ വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.